
നസീറിന്റെ വീട്
മറ്റു പലര്‍ക്കും നാടുനീളെ പ്രതിമകളും സ്മാരകമന്ദിരങ്ങളും ഉയരുമ്പോള്‍, ഒരു കാലഘട്ടത്തില്‍ ഒറ്റയ്ക്ക് സിനിമാവ്യവസായത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത ഈ മനുഷ്യന് ജന്മനാടായ ചിറയിന്‍കീഴില്‍ അര്‍ഹമായ സ്മാരകമില്ലയെന്നത് മലയാളിയെ ലജ്ജിപ്പിക്കുന്നു.
തിരക്കില്‍നിന്നു തിരക്കിലേക്കു പോകുന്ന സൂപ്പര്‍താരങ്ങളും നസീറിനെക്കണ്ടാണ് അഭിനയവും അനുകരണവും പഠിച്ചതെന്ന് അഭിമാനത്തോടെ പറയുന്നവരും ഇക്കാര്യത്തില്‍ നിശ്ശബ്ദരാകുന്നു.സിനിമാ സംഘടനകളും മനഃപൂര്‍വം മറവി ഭാവിക്കുന്നു. ഇവരുടെ ഒരു ദിവസത്തെ പ്രതിഫലം മതിയാകും ചിലപ്പോള്‍ പ്രേംനസീറെന്ന വിസ്മയത്തിന് ഒരു സ്മാരകം തീര്‍ക്കാന്‍.

ചിറയിന്‍കീഴ്-കോരാണി റോഡരികിലുള്ള, പഴയകാല ചിത്രങ്ങളുടെ പേരെഴുത്തുപോലെ പ്രേംനസീറെന്ന പേരു പതിച്ച, അടച്ചിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വീടു കണ്ട് ഇവിടെയാണ് നസീര്‍ ജീവിച്ചതെന്ന തിരിച്ചറിവോടെ ആരാധകര്‍ മടങ്ങുന്നു.
നസീറിന്റെ പേരില്‍ ആകെയുള്ള സജീവമായ ഓര്‍മ്മ ഈ വീടു മാത്രമാണിപ്പോള്‍. പ്രേംനസീര്‍ സമ്മാനിച്ച ഗ്രന്ഥശാലയുള്‍െപ്പടെ പലതുമുണ്ട് ഈ നാട്ടില്‍. പക്ഷേ, നസീറിന് നാട് എന്തു തിരിച്ചുകൊടുത്തു എന്ന ചോദ്യത്തിന് ഉത്തരം ആര്‍ക്കുമില്ല.
ചിറയിന്‍കീഴ്-കണിയാപുരം റോഡരികെ പ്രേംനസീര്‍ സ്മാരകത്തിനായി സ്ഥലമെടുത്തിരുന്നു. പക്ഷേ, ആ പദ്ധതി പല കാരണങ്ങളാല്‍ നിലച്ചു. എ.സമ്പത്ത് എം.പി. ഫണ്ട് ചെലവഴിച്ച് അടുത്തിടെ ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നസീറിന്റെ പേരില്‍ പണിതു.
പ്രേംനസീറിനും ചിറയിന്‍കീഴില്‍ ജനിച്ച ഭരത് ഗോപിക്കും സ്മാരകത്തിനായി 'കലാഗ്രാമം' എന്ന പേരില്‍ മറ്റൊരു പദ്ധതി തുടങ്ങിയെങ്കിലും അതും പൂര്‍ത്തിയാകാത്ത നിലയിലാണ്.
പ്രേംനസീറിന്റെ ചരമവാര്‍ഷികദിനത്തില്‍ ചിറയിന്‍കീഴ് പൗരാവലി, 'പ്രേംനസീര്‍സ്മൃതിസായാഹ്നം' എന്ന പേരില്‍ നടത്തുന്ന ചടങ്ങും പ്രേംനസീര്‍പുരസ്‌കാരദാനവും മാത്രമാണ് ചിറയിന്‍കീഴില്‍ നടക്കുന്ന പ്രധാന നസീര്‍സ്മരണ. ചുണ്ടില്‍ ചിരിയുമായി വന്ന് അസ്സേ, അങ്ങനെയല്ല ഇങ്ങനെ എന്നുപറഞ്ഞ് ഇവരെയൊക്കെ തിരുത്താന്‍ നസീറെന്ന മഹാമനുഷ്യന്‍ ഇല്ലാത്തത് എല്ലാവരുടെയും ഭാഗ്യം.
പ്രേംനസീറിന്റെ ചരമദിനത്തില്‍ വാഴ്ത്തലുകളുമായി എത്താന്‍ ആരും മറക്കാറില്ല. പടം െവച്ച് പൂക്കളിടാനും പിന്നെ പടം പിടിച്ച് പത്രത്തിലിടാനും മറക്കാറില്ല. സിനിമാക്കാരായാലും രാഷ്ട്രീയക്കാരായാലും അതിനൊക്കെ മുന്നില്‍ത്തന്നെയുണ്ടാകും. എല്ലാം കഴിഞ്ഞ് പിരിഞ്ഞാല്‍പ്പിന്നെ ഇക്കാര്യം ഓര്‍ക്കുക അടുത്ത വര്‍ഷത്തെ ചരമദിനത്തിലാകും.