Premkumar, Photo | Vivek R Nair
കൊച്ചി: ‘അമ്മാവാ...’ ഒരിക്കലും മറക്കാത്ത ഒരു വിളിയിലാണ് പ്രേംകുമാർ എന്ന നടൻ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയത്. മലയാള സിനിമയുടെ ജനപ്രിയ മുഖങ്ങളിലൊന്നായി കുറേ വർഷങ്ങൾ പ്രേക്ഷകരെ രസിപ്പിച്ച പ്രേംകുമാറിനെ പിന്നെ കുറച്ചുകാലത്തേക്ക് കാണാതായി. വലിയൊരിടവേളയ്ക്കുശേഷം പ്രേംകുമാർ തിരിച്ചെത്തുമ്പോൾ മികച്ച കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഒപ്പം, എന്നും നല്ല സിനിമകളെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിനുള്ള അംഗീകാരംപോലെ സർക്കാറിന്റെ ഒരു സമ്മാനവും... സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി നിയോഗിക്കപ്പെട്ട പ്രേംകുമാർ ആ ഉത്തരവാദിത്വത്തിലാണ് കൊച്ചിയിലെ റീജണൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സംഘാടകനായെത്തുന്നത്. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കിട്ട് പ്രേംകുമാർ സംസാരിക്കുന്നു.
കൊച്ചിയിലെ കാഴ്ചക്കാലം
കൊച്ചിയിൽ വീണ്ടും ‘അന്താരാഷ്ട്ര ചലച്ചിത്രോത്സവം’ വിരുന്നെത്തുമ്പോൾ അത് കാലം സമ്മാനിക്കുന്ന നിയോഗമാണെന്നാണ് പ്രേംകുമാർ പറയുന്നത്.
“തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ. വലിയ വിജയമായതിന്റെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് കൊച്ചിയിലെത്തിയത്. ലോകത്തെവിടെയുമുള്ള മനുഷ്യന്റെ വിശപ്പും പട്ടിണിയും പ്രണയവും കലഹവും കാമവും ഒക്കെ സമാനമാണ്. അതുകൊണ്ടുതന്നെ മനുഷ്യനെ ബാധിക്കുന്ന ഏതൊരു വിഷയവും ഏതു ഭാഷയിൽ സിനിമയാക്കിയാലും അതു കാണാൻ ലോകം മുഴുവൻ ആളുകളുണ്ടാകും. സിനിമക്കൊരു വിശ്വഭാഷയുണ്ട്, അത് മനുഷ്യന്റെ ഭാഷയാണ്. മനുഷ്യന്റെ ഹൃദയവുമായാണ് അത് സംവദിക്കുന്നത്” -പ്രേംകുമാർ പറഞ്ഞു.
അതിജീവിതരുടെ പോരാട്ടം
സിനിമ പോരാട്ടത്തിന്റെ വഴിയാണെന്ന് വിശ്വസിക്കുന്ന പ്രേംകുമാർ, സിനിമാക്കാർ അതിജീവിതരുടെ പോരാട്ടത്തിന് കരുത്തു പകരണമെന്നും ലോകത്തോടു ഉറക്കെ പറയുന്നുണ്ട്.
“അതിജീവിതയെ തിരുവനന്തപുരം മേളയിലെത്തിച്ചപ്പോൾ കിട്ടിയ പിന്തുണയുടെ ആഴം മനസ്സിനെ തൊടുന്നതാണ്. ഇരകളാക്കപ്പെട്ടവർ എന്നും മുഖം ഒളിപ്പിച്ച് ഇരുട്ടിൽ കഴിയേണ്ടവരല്ല. അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ലോകത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ അവസരം സൃഷ്ടിച്ചില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണെന്നു പറയുന്നതിൽ എന്തർഥമാണുള്ളത്. അതിജീവിതയ്ക്കൊപ്പമാണ് ഞാൻ എന്നു പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. ഐ.എസ്. ബോംബാക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നൽകി ആദരിച്ചപ്പോൾ ഉയർന്ന കൈയടികളും എന്റെ കാതിൽ ഇപ്പോഴുമുണ്ട്” -പ്രേംകുമാർ പറയുന്നു.
പെട്ടിയിലെ ആദ്യസിനിമ
സിനിമയിൽ പുതിയ വേഷങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഇടയിൽ നിൽക്കുമ്പോഴും പ്രേംകുമാറിന്റെ മനസ്സിൽ മായാതെ ചില ഓർമകളുണ്ട്.
“ബിരുദപഠനം കഴിഞ്ഞ് സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ പുറത്തിറങ്ങുമ്പോൾ എന്റെ സിനിമാ സങ്കല്പങ്ങൾ വ്യത്യസ്തമായിരുന്നു. സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് പി.എ. ബക്കർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്. എന്നാൽ, ആ ചിത്രത്തിന് പെട്ടിയിലിരിക്കാനായിരുന്നു വിധി. ആദ്യ സിനിമതന്നെ പെട്ടിയിലായ ദൗർഭാഗ്യവാനായെങ്കിലും പിന്നീട് എനിക്ക് കുറേ നല്ല കഥാപാത്രങ്ങൾ കിട്ടി. ഞാനും ജയറാമും ഒന്നിച്ച കുറേ കോമഡി സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തതോടെ, അതുപോലെയുള്ള കുറേ കഥാപാത്രങ്ങൾ കിട്ടി. ജയറാമുമായുള്ള സൗഹൃദം അഭിനയത്തിലും പ്രതിഫലിച്ചതാകാം ഞങ്ങളുടെ വിജയ ഫോർമുലയായത്” -പ്രേംകുമാർ പറഞ്ഞു.
രണ്ടാംവരവിന്റെ അടയാളങ്ങൾ
“രണ്ടാം വരവിൽ മികച്ച ചില കഥാപാത്രങ്ങൾ കിട്ടിയിരുന്നു. ‘അരവിന്ദന്റെ അതിഥികളി’ലെ വേണുവും ‘പഞ്ചവർണതത്ത’യിലെ എസ്.ഐ. രംഗനും ‘പട്ടാഭിരാമനി’ലെ എ.എസ്.ഐ. സന്ദീപും അടക്കമുള്ള കഥാപാത്രങ്ങൾ. മികച്ച കുറേ കഥാപാത്രങ്ങൾ ഇനിയും എന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ എന്നാണ് വിശ്വാസം. അതുപോലെ സിനിമയുടെ വിശ്വഭാഷയിൽ വിശ്വസിക്കുകയും അതു വായിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലാണ് ചലച്ചിത്ര അക്കാദമിയിലെ പുതിയ സ്ഥാനലബ്ധിയെ ഞാൻ കാണുന്നത്. ഈ ചുമതലയിൽ ഇരിക്കുന്നിടത്തോളം കാലം ചില അടയാളങ്ങൾ അവിടെ പതിക്കണമെന്നുണ്ട്” -പ്രേംകുമാർ പറഞ്ഞു.
Content Highlights: Premkumar Vice Chairman Kerala State Chalachitra Academy Premkumar about film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..