തൃശ്ശൂര്‍: സാമൂഹികപരിഷ്‌കര്‍ത്താവും സാംസ്‌കാരികനായകനും അഭിനേതാവുമായിരുന്ന പ്രേംജിയുടെ തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട് സാംസ്‌കാരികവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും.
മരം വീണ് ഭാഗികമായി തകര്‍ന്ന വീട് ഏറ്റെടുക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അറിയിച്ചതായി വീട് സന്ദര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സാംസ്‌കാരികവകുപ്പോ സാഹിത്യ അക്കാദമിയോ ആയിരിക്കും ഏറ്റെടുക്കുക. അതിന് സാങ്കേതികമായ താമസം മാത്രമാണുള്ളത്. അതിനുേശഷം മന്ത്രി സുനില്‍കുമാറിന്റെ എം.എല്‍.എ. ഫണ്ട് ഉപേയാഗിച്ച് വീട് പുനരുദ്ധരിക്കും. വീട് സര്‍ക്കാറിന് കൈമാറാന്‍ തയ്യാറാണെന്ന് പ്രേംജിയുടെ മകന്‍ നീലന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പൂങ്കുന്നം റെയില്‍വേ പ്ലാറ്റ് ഫോം നടപ്പാതയായുള്ള ഈ ഇരുനിലവീട് നിരവധി നാടകക്കാരെയും സാഹിത്യകാരന്മാരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പ്രേംജിക്ക് അഭിനയത്തിന് ദേശീയ പുരസ്‌കാരം തേടിയെത്തിയതും ഈ വീട്ടിലേക്കാണ്. നാലുവര്‍ഷം മുന്പാണ് പ്രേംജിയുടെ ഭാര്യ ആര്യാ അന്തര്‍ജനം ഈ വീട്ടില്‍നിന്ന് താമസം മാറ്റിയത്. കാലപ്പഴക്കത്തില്‍ വീടിന് കേടുപാടുണ്ട്. അതിനൊപ്പമാണ് മരംവീണ് ഭാഗികമയി തകര്‍ന്നത്.
Content Highlights: premji social reformer house, will take care by government