യാതൊരുവിധ അവകാശവാദങ്ങളും ഇല്ലാതെ, ഭൂരിഭാ​ഗവും പുതുമുഖങ്ങളെ വച്ച് ഒരുക്കി, മലയാള സിനിമയിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രം. നിവിൻ പോളി എന്ന നടനും സായ് പല്ലവി എന്ന നടിയും മലയാളി യുവത്വത്തിന്റെ എല്ലാമായി മാറിയ ചിത്രം,  അതുവരെയുള്ള മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച ‘പ്രേമം’ 

ചിത്രം റിലീസ് ആയി അഞ്ച് വർഷം പിന്നിടുന്ന വേളയിൽ റിലീസിന് മുമ്പ് സംവിധായകൻ അൽഫോൺസ് പുത്രൻ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇന്ന് പ്രേമം ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. 

 ‘പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായി 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തിൽ, പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്.” അൽഫോൺസിന്റെ കുറിപ്പിൽ പറയുന്നു.

Alphonse

സംവിധായകൻ പറഞ്ഞ പോലെ യുദ്ധം പ്രതീക്ഷിച്ച് ആരും സിനിമ കാണാൻ പോയില്ലെങ്കിലും പത്ത് യുദ്ധം ജയിച്ച സന്തോഷവുമായാണ് ഓരോ കാണിയും അന്ന് തീയേറ്റർ വിട്ടിറങ്ങിയത്. പിന്നീട് പ്രേമം മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയത് ചരിത്രം. 

നിവിൻ, സായ് പല്ലവി എന്നിവർക്ക് പുരമേ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട്, സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിനായി അണിനിരന്നു. രാജേഷ് മുരു​ഗേശന്റെ സം​ഗീതത്തിലൊരുങ്ങിയ പാട്ടുകൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഓളം തീർത്തു.

നാല് കോടി ബഡ്ജറ്റിൽ പൂർത്തിയായ ചിത്രം ഏതാണ്ട് അറുപത് കോടിയാണ് കളക്ഷൻ നേടിയത്. കേരളത്തിലെ തീയേറ്ററിൽ 175 ദിവസം പ്രദർശിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ തീയേറ്ററിൽ ഓടിയത് 275 ദിവസം. തെന്നിന്ത്യൽ സിനിമാ പ്രേമികൾ ചിത്രത്തെ സ്വീകരിച്ചത് കണ്ട് ഇതേ പേരിൽ ചിത്രം തെലുങ്കിലും ഒരുക്കി. നാ​ഗ ചൈതന്യ, ശ്രുതി ഹാസൻ, അനുപമ, മഡോണ എന്നിവരാണ് പ്രേമം തെലുങ്കിൽ വേഷമിട്ടത്. 

Content Highlights : Premam Movie Five Years Alphonse Puthren Nivin Sai Pallavi Madonna Anupama