പ്രേമം നായിക സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റത്തിന് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങിയ സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.  

ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണമാണ് സായി പല്ലവി ചിത്രത്തില്‍ നിന്ന് ഒഴിവായത്. വിക്രം ചിത്രത്തിനായി കൃത്യമായ ഡേറ്റ് നല്‍കിയതാണെന്നും പ്രൊജക്ട് പറഞ്ഞ സമയത്ത് തുടങ്ങാത്തതിനാലാണ് പിന്മാറിയതെന്നുമാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങി 40-45 ദിവസത്തിനുള്ളില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

ഓഗസ്റ്റില്‍ റിലീസിനൊരുങ്ങുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന് വിക്രം കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും ഇതിന്റെ ഷൂട്ടിങ് പകുതി തീര്‍ന്ന ശേഷമേ വിജയ് ചന്ദര്‍ ചിത്രത്തിന്റെ ഷൂട്ടിങിന് വിക്രം എത്തുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയാണ് സായ് പല്ലവി പിന്മാറിയതെന്നും നടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

എന്നാല്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന മാധവന്‍ നായകനായെത്തുന്ന ചാര്‍ലി റീമേയ്ക്ക് പ്രോജക്ടിന് വേണ്ടി കൂടുതല്‍ ഡേറ്റ് കൊടുക്കുകയും അതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്നും സായി പല്ലവി പിന്മാറിയതെന്നുമാണ് സംവിധായകന്റെ പക്ഷക്കാര്‍ പറയുന്നത്. സായി പല്ലവി ഈ പ്രോജക്ടില്‍ കരാര്‍ ഒപ്പിട്ടതുമുതലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പതിനഞ്ച് ലക്ഷം അഡ്വാന്‍സും നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. ഇതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം സായി പല്ലവി നിര്‍മാതക്കളോട് ആവശ്യപ്പെട്ടതും പിന്മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 

നേരത്തെ ഈ ചിത്രത്തിന് അന്‍പത് ലക്ഷം രൂപയാണ് സായിയുടെ പ്രതിഫലമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സായി പല്ലവിക്ക് പകരം തമന്നയെയാണ് വിക്രമിന്റെ നായികയായി പരിഗണിക്കുന്നത്. മണിരത്‌നം ചിത്രം കാട്രു വെളിയിതേയിലും സായി പല്ലവി നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാനം കാര്‍ത്തിയുടെ നായികയായെത്തിയത് അതിഥി റാവു ഹൈദരിയാണ്.