ല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് സായ് പല്ലവി. പ്രേമത്തിലെ മലര്‍ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങള്‍ വന്നു. ഇന്ന് ഏറെ  തിരക്കുള്ള ഒരു അഭിനേത്രിയാണ് സായി.

മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചത് കൊണ്ടാവണം സായി മലയാളിയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. കോട്ടഗിരിയില്‍ ജനിച്ച് കൊയമ്പത്തൂരില്‍ വളര്‍ന്ന സായി തനി തമിഴ് പെണ്‍കുട്ടിയാണ്. 

ഒരു സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ ഒരാള്‍ മലയാളി എന്ന് വിശേഷിപ്പിച്ചത് സായിക്ക് ഇഷ്ടമായില്ല. നീരസം പ്രകടിപ്പിച്ച സായി, താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സിനിമയില്‍ നിരവധി അവസരങ്ങള്‍ തേടിവരുന്നുണ്ടെങ്കിലും തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ സായി അഭിനയിച്ചിട്ടുള്ളൂ. നാനിക്കൊപ്പം മിഡില്‍ ക്ലാസ് അബ്ബായി എന്ന സിനിമയിലാണ് സായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വേണു ശ്രീരാമാണ് ചിത്രത്തിന്റെ സംവിധായകന്‍.

സമീർ താഹിറിന്റെ ദുൽഖർ ചിത്രമായ കലിയാണ് സായി പല്ലവി നായികയായ രണ്ടാമത്തെ മലയാള ചിത്രം. കലിയുടെ തെലുങ്ക് പതിപ്പായ ഹേ പിള്ളഗാഡയിലും സായി തന്നെയായിരുന്നു നായിക.