നാട്ടു നാട്ടു ഗാനരംഗത്തുനിന്ന്, പ്രേം രക്ഷിത് | ഫോട്ടോ: www.facebook.com/RRRMovie, www.facebook.com/Premrakshit
ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ അഭിമാനിക്കുകയാണ് ഗാനത്തിന്റെ നൃത്തസംവിധായകനായ പ്രേം രക്ഷിത്. പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ കരഞ്ഞുപോയെന്ന് അദ്ദേഹം ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ഒരു വെല്ലുവിളിയായാണ് താൻ നാട്ടു നാട്ടുവിനെ കണ്ടതെന്നും തന്നെ വിശ്വസിച്ചതിന് സംവിധായകൻ രാജമൗലിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ശൈലികളുള്ള രണ്ട് സൂപ്പർതാരങ്ങൾക്കായി നൃത്തസംവിധാനം ചെയ്യുന്നത് വെല്ലുവിളിയായിരുന്നെന്ന് പ്രേം രക്ഷിത് പറഞ്ഞു. ഒരു വെല്ലുവിളിയായാണ് ഞാൻ നാട്ടു നാട്ടുവിനെ കണ്ടത്. രണ്ട് മാസമെടുത്താണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത്. 20 ദിവസമെടുത്തു ചിത്രീകരണം പൂർത്തിയാക്കാൻ. 43 റീ ടേക്കുകൾ വേണ്ടി വന്നു. രണ്ടുപേരും ഒരേ ഊർജത്തിൽ കളിക്കണമായിരുന്നു. ഞാൻ കാരണം ആരെങ്കിലും ഒരാൾ മറ്റേയാളേക്കാൾ അല്പം താഴ്ന്നുപോകുമോയെന്ന് ഞാൻ ഭയന്നിരുന്നു. ചുവടുകൾ പലതവണ ഇംപ്രവൈസ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് താരങ്ങളും ഗാനരംഗത്തിലുടനീളം ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നായിരുന്നു രാജമൗലി സാർ നിർദേശിച്ചത്. കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു. രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നർത്തകരിലേക്ക് പോകരുത്. ഒരുമിച്ച് വരുന്ന ഷോട്ടുകളിൽ ഇരുകഥാപാത്രങ്ങളുടേയും അടുപ്പം, ഊർജം എന്നിവ എടുത്ത് നിൽക്കണം. നൃത്തച്ചുവടുകൾ ഒരുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും പ്രേം രക്ഷിത് വ്യക്തമാക്കി.
യുക്രൈൻ തലസ്ഥാനമായ കീവിലെ മാരിൻസ്കി പാലസിന് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഔദ്യോഗിക വസതിയാണിത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെയായിരുന്നു ചിത്രീകരണം. ചിത്രീകരണം അവസാനിച്ച ശേഷം വീണ്ടും മൂന്ന് മണിക്കൂർ റിഹേഴ്സൽ നടത്തും. ടേക്കുകൾ എടുത്തിട്ട് രാജമൗലി സാറിന് തൃപ്തിയാവുന്നുണ്ടായിരുന്നില്ല. തളർന്നുപോയെങ്കിലും എല്ലാവരും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഒട്ടും മടി കാണിച്ചില്ലെന്നും പ്രേം രക്ഷിത് പറഞ്ഞു.
രാജമൗലിയെ ഗുരു എന്നാണ് പ്രേം വിശേഷിപ്പിച്ചത്. നൃത്തസംവിധാനത്തിൽ തനിക്ക് ധൈര്യം തന്നത് രാജമൗലിയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ക്യാമറാ ആംഗിളുകൾ പഠിപ്പിച്ചത് രാജമൗലിയാണ്. തന്നെ വിശ്വസിച്ചതിന് അദ്ദേഹത്തിനോട് നന്ദി പറയണം. രാംചരണും ജൂനിയർ എൻ.ടി.ആറും നല്ല നർത്തകരാണ്. അത് തന്റെ ജോലി എളുപ്പമാക്കിയെന്നും പ്രേം രക്ഷിത് കൂട്ടിച്ചേർത്തു.
വിക്രമാർക്കുഡു, യമദൊംഗ, മഗധീര, ബാഹുബലി സീരീസ് എന്നിവയാണ് പ്രേം രക്ഷിത്തും രാജമൗലിയും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങൾ. ഇതിൽ ബാഹുബലി രണ്ടാം ഭാഗത്തിലെ പ്രഭാസും അനുഷ്കയും ചേർന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രംഗം ചിട്ടപ്പെടുത്തിയത് പ്രേം രക്ഷിത് ആണ്. എം.എം. കീരവാണിയെ പുരസ്കാരത്തിനർഹമാക്കിയ ഗാനം കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ് ആലപിച്ചത്. ചന്ദ്രബോസിന്റേതാണ് വരികൾ.
Content Highlights: prem rakshit about nattu nattu song choreography, ss rajamouli, jr ntr and ram charan, mm keeravani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..