ലയാളസിനിമയില്‍ നായകനും പ്രതിനായകനുമെല്ലാമായി അനേകകാലം മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നവരായിരുന്നു നിത്യഹരിതനായകന്‍ പ്രേംനസീറും സുന്ദരനായ വില്ലനെന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ പി ഉമ്മറും. 

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കത്തി ജ്വലിച്ചുനിന്ന ഈ താരങ്ങളുടെ പെരുന്നാള്‍ ദിനമെങ്ങനെയായിരുന്നുവെന്നുള്ളത് ഏറെ കൗതുകകരമായ സംഗതികളിലൊന്നാണ് കാലയവനികയ്ക്കുള്ളിലേക്ക് നടന്നുകയറിയെങ്കിലും ഇവരുടെ ശവ്വാല്‍ ഒന്നിലെ അഥവാ പെരുന്നാള്‍ ദിനത്തിലെ ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍പകരുകയാണ് നസീറിന്റെയും ഉമ്മറിന്റെയും മക്കള്‍.

shanavas
ഷാനവാസ്

സിനിമാലോകത്തെ  പെരുന്നാള്‍ദിനത്തിലും മണിക്കൂറുകള്‍ക്ക് മാത്രമായി വീട്ടിലെത്തുന്ന പിതാവിനെയാണ് മലയാള സിനിമയിലെ നിത്യഹരിത നായകന്റെ മകനും നടനുമായ ഷാനവാസ് ഓര്‍മിച്ചെടുക്കുന്നത്. 

അരമണിക്കൂറിലെ ഉപ്പ

പെരുന്നാള്‍ ദിനത്തില്‍ രാവിലെ മറീനാബീച്ചിലെ പള്ളിയില്‍ പോകാന്‍ മാത്രമാണ് ഉപ്പ ഞങ്ങളോടൊപ്പമുണ്ടാകുക. പിന്നീട് പ്രഭാതഭക്ഷണത്തിനുശേഷം വീണ്ടും ഷൂട്ടിങ് തിരക്കിലേക്ക് പോകുന്ന ഉപ്പയെയാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. എന്റെ കല്യാണ ദിവസംപോലും ചടങ്ങിന്റെ അരമണിക്കൂര്‍ മുന്‍പാണ് ഉപ്പ എത്തിയത്. ചടങ്ങ് കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ അദ്ദേഹം തിരിച്ചുപോവുകയും ചെയ്തു. ഇതായിരുന്നു സജീവമായപ്പോഴുള്ള ഉപ്പയുടെ രീതി.

സിനിമയില്‍ നിന്നുള്ള തിരക്കുകള്‍ കുറഞ്ഞപ്പോള്‍ അദ്ദേഹം വീട്ടിലുണ്ടാകുമെന്നു കരുതിയിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. അതോടെ അതിന്റെ തിരക്കുകളിലായി ഉപ്പ. രാഷ്ട്രീയത്തിന്റെ തിരക്കില്‍ നിന്ന് അല്പം മാറി ചിന്തിക്കുമ്പോഴേക്കും ഉപ്പയെ അസുഖം പിടികൂടുകയും ചെയ്തിരുന്നു. 

ആഘോഷമാക്കുന്ന പെരുന്നാള്‍ ദിനം

നിറയെ സുഹൃത്തുക്കളും ബഹളവുമൊക്കയായുള്ള പെരുന്നാളിനെയായിരുന്നു ഉപ്പയ്ക്കിഷ്ടമെന്ന് മലയാള സിനിമാലോകത്തെ സുന്ദരനായ വില്ലന്‍ കെപി ഉമ്മറിന്റെ മൂത്ത മകന്‍ അശ്‌റഫ് പെരുന്നാള്‍ദിനത്തിലെ കെ പി ഉമ്മറിനെ ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു.

സിനിമയില്‍ നിന്നുള്ളവരെക്കാള്‍ കൂടുതല്‍ മറ്റു മേഖലകളില്‍ നിന്നുള്ള സുഹൃത്തുക്കളായിരുന്നു ഇങ്ങനെ ചെന്നൈയിലെ തങ്ങളുടെ വസതിയായ സാന്‍ഡല്‍വുഡില്‍ എത്തിയിരുന്നതെന്ന് അശ്​റഫ് പറഞ്ഞു. ഒരു പ്രാവശ്യം വീട്ടില്‍വെച്ചിരുന്ന ഭക്ഷണമെല്ലാം തീര്‍ന്ന്  ഹോളിവുഡ് ഹോട്ടലില്‍ നിന്ന് പോലും പിന്നീട് ഭക്ഷണം വാങ്ങേണ്ടി വന്നിരുന്നു. മദ്രാസില്‍ തന്നെയുള്ള സിനിമാക്കാരുടെ വീടുകളിലേക്ക് മറ്റും പെരുന്നാള്‍ ഭക്ഷണം കൊടുത്തയക്കുന്ന പതിവും ഉപ്പാക്കുണ്ടായിരുന്നു. നസീര്‍, ബഹദൂര്‍ എന്നിവരായിരുന്നു വീട്ടില്‍ പെരുന്നാളിന് വന്നിരുന്ന ഉപ്പയുടെ പ്രധാന ചങ്ങാതിമാരെന്നും അദ്ദേഹം പറയുന്നു.

ummer
അശ്റഫ് ശാരദയ്‌ക്കൊപ്പം

എന്നാല്‍ നല്ല തിരക്കില്ലാത്ത സമയത്ത് ഉപ്പ പെരുന്നാളിന്റെയന്ന് ഉച്ചഭക്ഷണത്തിന് ശേഷം തന്നെയും സഹോദരനെയും കൂട്ടി അമ്മായിയുടെ വീട്ടിലേക്കും മറ്റുംകൊണ്ടുപോകാറുള്ളതും അതിരാവിലെ തന്നെ ഞങ്ങള്‍ രണ്ടുപേരെയും ചെന്നൈയിലെ പള്ളിയിലേക്കയക്കുന്നതുമാണ് ഓര്‍മയിലുള്ളതെന്ന് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഉമ്മറിന്റെ രണ്ടാമത്തെ മകന്‍ റശീദ് ഉമ്മര്‍ പറയുന്നു. എത്ര തിരക്കുണ്ടെങ്കിലും പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ഉപ്പ വീട്ടിലെത്തും. പെരുന്നാള്‍ വസ്ത്രമെടുക്കലും മറ്റുമെല്ലാം ഞങ്ങള്‍ മക്കളും ഉമ്മായും കൂടിയായിരുന്നു. തിരക്കുള്ളപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അതിലൊന്നും ഉപ്പ കൂടിയിരുന്നില്ലെന്നും റശീദ് ഉമ്മര്‍ പറഞ്ഞു.