ചിറയിൻകീഴ്: മലയാളസിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന സാംസ്കാരികസമുച്ചയത്തിന്റെ നിർമാണത്തിന് തുടക്കമായി.

ശാർക്കര ക്ഷേത്രത്തിനു സമീപമുള്ള കലാഗ്രാമത്തിൽ ഉയരുന്ന സാംസ്കാരികസമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

തിങ്കളാഴ്ച വൈകീട്ട് 3.30-ന് ശാർക്കര കലാഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി. മലയാളികൾ നെഞ്ചോടുചേർക്കുന്ന നിരവധി കലാകാരന്മാർക്കായി സാംസ്കാരിക വകുപ്പിനു കീഴിൽ പലയിടങ്ങളിലായി സ്മാരകമന്ദിരങ്ങൾ നിർമിച്ചുവരുകയാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴുകാരുടെ വികാരവും ആവേശവും സ്വകാര്യ അഹങ്കാരവുമാണ് പ്രേംനസീറെന്ന് വി.ശശി പറഞ്ഞു. പ്രേംനസീറിന്റെ പേരിലുള്ള സ്മാരകമന്ദിരമെന്ന നാടിന്റെ സ്വപ്നം കാലതാമസമില്ലാതെ സാക്ഷാത്കരിക്കാനാണ് എം.എൽ.എ.യുടെ വികസന ഫണ്ടിൽ നിന്ന് ഒരു കോടി മുപ്പതുലക്ഷം ഉടനടി അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഫണ്ടായ ഒരുകോടി രൂപകൂടി ചേർത്താണ് പ്രാഥമിക നിർമാണം നടക്കുന്നത്-ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സാംസ്കാരികസമുച്ചയത്തിന്റെ ശിലാസ്ഥാപനം ചടങ്ങിൽ നടന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ.സദാശിവൻ നായർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, ജില്ലാപ്പഞ്ചായത്തംഗം ആർ.ശ്രീകണ്ഠൻ നായർ, ഗ്രാമപ്പഞ്ചായത്തംഗം വി.ബേബി, പ്രേംനസീറിന്റെ സഹോദരി എസ്.അനീസാബീവി, പ്രേംനസീർ അനുസ്മരണ സമിതി കൺവീനർ എസ്.വി.അനിലാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മമ്മൂട്ടി, മോഹൻലാൽ, മധു, ഷീല, ശ്രീകുമാരൻ തമ്പി, പി.ജയചന്ദ്രൻ, വിധുബാല, ബാലചന്ദ്രമേനോൻ, ജയറാം, ഷാനവാസ്, സുരാജ് വെഞ്ഞാറമൂട്, കനി കൃസൃതി തുടങ്ങിയ ചലച്ചിത്രതാരങ്ങളുടെ ആശംസാസന്ദേശവും പ്രദർശിപ്പിച്ചു.

മംഗളം നേരുന്നു- മധു


നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ നിർമിക്കുന്ന സ്മാരകത്തിന് എല്ലാ മംഗളവും നേരുന്നു. സ്മാരക നിർമാണത്തിനുള്ള സാംസ്കാരിക വകുപ്പിന്റെ സംരംഭം പൂർണ വിജയത്തിലെത്താൻ ആശംസിക്കുന്നു. പ്രേംനസീറിന്റെ ഓർമകൾ നിത്യഹരിതമാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമകൾ ടി.വി.യിൽ കാണാറുണ്ട്. ഉദ്ഘാടനച്ചടങ്ങിന് ആശംസാസന്ദേശം അയച്ചിരുന്നു.

അഭിമാനം സിനിമയ്ക്കും എനിക്കും- ഷീ


ഏറെ വൈകിയെങ്കിലും മലയാളത്തിന്റെ നിത്യഹരിത നായകന് ഇങ്ങനെയൊരു സ്മാരകം ഉയരുന്നതിൽ ഏറെ സന്തോഷം. പ്രേംനസീർ സ്മാരകം കേരളത്തിലെ ഒരു പ്രധാന കലാസാംസ്കാരിക കേന്ദ്രമാകണം. ലോകത്തുതന്നെ ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചവരിൽ ഒരാളായ പ്രേംനസീർ സിനിമാലോകത്തിന് അഭിമാനമാണ്. അദ്ദേഹത്തിനൊപ്പം ഏറ്റവുമധികം ചിത്രങ്ങളിൽ നായികാവേഷമണിഞ്ഞതിന്റെ റെക്കോഡുള്ള എനിക്ക് ഇത് വ്യക്തിപരമായി ഏറെ സന്തോഷവും അഭിമാനവും നൽകുന്നു. വൈകിയെങ്കിലും ഈ തീരുമാനമെടുത്ത സർക്കാരിന് നന്ദി പറയുന്നു. പക്ഷേ, കാലങ്ങളോളം വലിച്ചുനീട്ടാതെ പണികൾ വേഗം പൂർത്തിയാക്കണം. കൊറോണക്കാലമായതിനാൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാകാത്തതിൽ വിഷമമുണ്ട്. എന്തായാലും പണി തീർന്നശേഷം നസീർസ്മാരകം സന്ദർശിക്കും.

Content Highlights : Prem Nazir Memorial Pinarayi Vijayan inaugurated online the construction in Chirayankeezhu