എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ തെന്നിന്ത്യന്‍ താരങ്ങളുടെ ഒത്തുകൂടലിന് തന്നെ ക്ഷണിക്കാതിരുന്നതില്‍ സങ്കടം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. മോശം നടനും സംവിധായകനും ആയതിനാലാവാം അവര്‍ വിളിക്കാതിരുന്നതെന്നും തന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
'എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ ഒത്തുകൂടലിന് എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്ന് മാത്രം. ചിലര്‍ നമ്മെ ഇഷ്ടപ്പെടും, മറ്റു ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.' എന്നായിരുന്നു കുറിപ്പ്. 80' കളില്‍ ഞാന്‍ ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞ് ഹിറ്റ് ഗാനമായ നെറഗാവെ കേക്കിറേന്‍ എന്ന ഗാനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
നടന്‍ ബാബു ആന്റണിയും പ്രതാപ് പോത്തന് മറുപടിയുമായി എത്തിയിട്ടുണ്ട്. "അവര്‍ ആരാണെന്ന് എനിക്കറിയില്ല. അവരെ അവഗണിക്കൂ..നിങ്ങള്‍ ഇന്ന് നേടിയതിനൊന്നും അവര്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല. നിങ്ങള്‍ മികച്ച ഒരു നടനും സംവിധായകനുമാണ്."ബാബു ആന്റണി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സൗഹൃദത്തിന്റെ ഓര്‍മ പുതുക്കി എണ്‍പതുകളിലെ താരങ്ങള്‍ പതിവ് പോലെ ഒത്തുചേര്‍ന്നത്. ഇത്തവണത്തെ എണ്‍പതിലെ താരങ്ങളുടെ ഒത്തുചേര്‍ന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് . ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം.
മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.
സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.
Content Highlights : Prathap Pothen about avoiding him in 80's Reunion