24 മണിക്കൂർ കൊണ്ട് സിനിമ ഒരുക്കി റിലീസ് ചെയ്ത് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങി മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളി. മോഹൻലാലിനെ നായകനാക്കി 19 മണിക്കൂറുകൊണ്ട് ചിത്രീകരിച്ച 'ഭഗവാനും' 18മണിക്കൂറിൽ പൂർത്തിയാക്കിയ കന്നഡ സിനിമ 'സുഗ്രീവ'യ്ക്കും ശേഷമാണ് പുതിയ പരീക്ഷണ ചിത്രവുമായി പ്രശാന്ത് എത്തുന്നത്. ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിൽ സൂപ്പർതാരമായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക.

'സൂയിസൈഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരേ ഒരു കഥാപാത്രം മാത്രമാണുണ്ടാവുക. ഇത്തരത്തിൽ ഒരേ ഒരു കഥാപാത്രം മാത്രമുള്ള ചിത്രം ആദ്യമായാണ് ബോളിവുഡിൽ ഒരുങ്ങുന്നത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, നവാസുദ്ധീൻ സിദ്ധിഖി എന്നിവരില്‍ ഒരാളാകും ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുകയെന്നാണ് സൂചന. അടുത്ത മാസം മുംബൈയിൽ വച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടും.

"അന്ത്യന്തം വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഒരു സൂപ്പർ താരത്തിന് മാത്രമേ അഭിനയിച്ച് ഫലിപ്പിക്കാനാകൂ. അതുകൊണ്ടാണ് ഇത്തരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കുന്ന ചിത്രങ്ങളിൽ സൂപ്പർതാരങ്ങൾ നായകന്മാരായെത്തുന്നത്. ഉദാഹരണത്തിന് ഭ​ഗവാനിൽ മോഹൻലാൽ, സു​ഗ്രീവയിൽ ശിവരാജ്കുമാർ. അതുപോലെ തന്നെ ബോളിവുഡിലും അങ്ങനെയൊരു സൂപ്പർ താരത്തിന് മാത്രമേ ഈ വെല്ലുവിളി ഏറ്റെടുക്കാനാകൂ". പ്രശാന്ത് വ്യക്തമാക്കുന്നു.

ഒരേസമയം 40 ക്യാമറകളിലായിരിക്കും ചിത്രീകരണം. റിലീസോടെ പന്ത്രണ്ട് ഗിന്നസ് റെക്കോഡുകൾ സിനിമയുടെ പേരിൽ എഴുതപ്പെടുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

മലയാളിയായ ഇർഫാൻ കമാൽ തിരക്കഥ ചെയ്തിരിക്കുന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുക. 24 മണിക്കൂറിനുള്ളിൽ ചിത്രീകരിച്ച് പ്രദർശനത്തിനെത്തിക്കുന്ന ആദ്യ ചിത്രം, 24 മണിക്കൂറിനുള്ളിൽ ഓടിടി റിലീസിനെത്തുന്ന ആദ്യ ചിത്രം, വേ​ഗതയേറിയ പോസ്റ്റ് പ്രൊഡക്ഷൻ, എറ്റവും വേ​ഗതയിൽ പൂർത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രം, കുറഞ്ഞ സമയത്തിനുള്ളിൽ സ്പോട്ട് എഡിറ്റിങ്ങ് പൂർത്തിയാക്കുന്ന ചിത്രം, പല ഭാഷകളിലായി കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിച്ച സിനിമകൾ ഒരുക്കിയ സംവിധായകന്റെ ചിത്രം, ഏറ്റവുമധികം ക്യാമറകൾ ഉപയോ​ഗിക്കുന്ന ചിത്രം, ഏറ്റവുമധികം റെക്കോർഡുകൾ കരസ്ഥമാക്കാൻ പോകുന്ന ചിത്രം എന്നിങ്ങനെയാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്ന പ്രതീക്ഷകൾ.

Content Highlights : Prashanth Mambully New bollywood movie suicide to set world records