പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. 

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. 

അജു വർഗ്ഗീസ്,വിജയരാഘവൻ, ജോണി ആന്റണി, അശ്വത് ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ​ഗാനം തരം​ഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ദർശന എന്ന ​ഗാനം 12 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. 

2022 ജനുവരിയിൽ ചിത്രം മെറിലാന്റ് സിനിമാസ് പ്രദർശനത്തിനെത്തിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്

content highlights : Pranav Mohanlal  Vineeth Sreenivasan Hridayam Movie Teaser Darshana Kalyani