പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോധകരോട് അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍. അത് അണിയറ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു. പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ഥിക്കുന്നു. അതുമൂലം ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കുക. സിനിമയ്ക്ക് പിന്നിലെ ചിന്തകള്‍ നിങ്ങള്‍ മാനിച്ച് ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. പേരിന്റെ സാമ്യം പോലെ തന്നെ 21ാം നൂറ്റാണ്ടും ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മിക്കുന്നത്. 

Content Highlights: pranav mohanlal irupathiyonnam noottandu arun gopy movie tomichan mulakupadam