രുകാലത്ത് മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മെറിലാന്റ് സിനിമാസ് തിരിച്ചുവരുന്നു. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍, ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന താരജോഡികളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്.  ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലാണ് ഈ വിവരം പുറത്ത് വിട്ടത്. 

"തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും  ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍.  ഹൃദയം!!!"...സ്വന്തം ശബ്ദത്തില്‍ മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 

ഭൂഗോളത്തിനു മുകളിലായി മയിലിനൊപ്പം വേലേന്തി നില്‍ക്കുന്ന മുരുകനായിരുന്നു മെറിലാന്റിന്റെ മുഖമുദ്ര. ഹിറ്റുകള്‍ തീര്‍ത്തിരുന്ന മെറിലാന്‍ഡിന്റെ അവസാന ചിത്രം 1978-ല്‍ പുറത്തിറങ്ങിയ, മധു നായകനായുള്ള 'ഹൃദയത്തിന്റെ നിറങ്ങള്‍' ആയിരുന്നു. മെറിലാന്‍ഡിന്റെ സ്ഥാപകന്‍ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. നേരത്തെ നടന്‍ അജു വര്‍ഗീസുമായി ചേര്‍ന്ന് നിവിന്‍പോളി ചിത്രം 'ലൗ, ആക്ഷന്‍, ഡ്രാമ നിര്‍മ്മിച്ചതും വിശാഖായിരുന്നു

Hridayam Movie

Content Highlights : Pranav Mohanlal and Kalyani Priyadarshan to team up for Hridayam directed by Vineeth Sreenivasan, comeback of merryland cinemas