ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഓരോ ടാഗുകളുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും ആ ടാഗുകളില്‍ അഭിമാനമേയുള്ളൂവെന്നും  നടന്‍ മോഹന്‍ലാലിന്റെ ഭാര്യയും പ്രണവിന്റെ അമ്മയുമായ സുചിത്ര മോഹന്‍ലാല്‍. പ്രണവ് നായകനായ ജീത്തു ജോസഫ് ചിത്രം ആദിയുടെ നൂറാം ദിനാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. അച്ഛനെയും മകനെയും കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താന്‍ തന്നെ കുറിച്ച് സംസാരിക്കാംഎന്ന് പറഞ്ഞാണ് സുചിത്ര സംഭാഷണം ആരംഭിച്ചത്.
  
"അച്ഛനെക്കുറിച്ചും മകനെക്കുറിച്ചുമല്ല ഞാന്‍ എന്നെ കുറിച്ച് പറയാം. ജനിച്ച അന്നു മുതല്‍ ഇന്ന് വരെ ഞാന്‍ ഒരു 'ടാഗി'ന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ആദ്യം ബാലാജിയുടെ മകള്‍ പിന്നെ സുരേഷ് ബാലാജിയുടെ സഹോദരി, പിന്നെ മോഹന്‍ലാലിന്റെ ഭാര്യ, ഇപ്പോള്‍ പ്രണവിന്റെ അമ്മ.. ഈ ഓരോ ടാഗും എനിക്കേറെ അഭിമാനം തരുന്നതാണ്. ഞാനാരാണ് ഞാന്‍ എന്താണ് എന്നെല്ലാം എനിക്ക് മനസിലാക്കി തരുന്നതാണ്.  

പ്രണവിനൊപ്പം ഈ സദസ്സിലിരിക്കുന്നതിനിടയില്‍ പരിപാടിക്കെത്തിയ നിരവധി പേര്‍ എന്നോട് സംസാരിക്കാനെത്തിയിരുന്നു. എല്ലാവര്‍ക്കും സംസാരിക്കാനുള്ളത് ആദിയെക്കുറിച്ചായിരുന്നു. എന്നാല്‍ ആദിയെന്ന് പറയുമ്പോള്‍ അതെല്ലാവരുടെയും കൂടെ വിജയമല്ലേ, എന്താണ് തന്നെക്കുറിച്ച് മാത്രം എല്ലാവരും ചോദിക്കുകയും പറയുകയും ചെയ്യുന്നതെന്നായിരുന്നു പ്രണവിന്റെ സംശയം. അപ്പു ചോദിച്ച കാര്യം ശരിയാണ്. ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണ്. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇന്നീ നിലയില്‍ എത്തില്ലായിരുന്നു. ഈ സിനിമ വിജയമാക്കിയ ഓരോരുത്തര്‍ക്കും നന്ദി. പിന്നെ എന്റെ മകനെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിനും നന്ദി"-സുചിത്ര പറഞ്ഞു.

മകന്റെയും ഭര്‍ത്താവിന്റെയും സിനിമ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കണ്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നായിരുന്നു സുചിത്രയുടെ മറുപടി. 

content highlights : pranav mohanlal aadi movie mohanlal suchithra mohanlal aadi hundred days jeethu joseph