ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു.

ലഖ്‌നൗവിലെ ഒരു അഭിഭാഷകനാണ് കേസ് കൊടുത്തത്. ഹര്‍ജി ലഖ്‌നൗ കോടതി ഒക്‌ടോബര്‍ ഏഴിന് പരിഗണനയ്‌ക്കെടുക്കും.

ബെംഗളൂരുവില്‍ ഡി.വൈ.എഫ്.ഐയുടെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിക്കെതിരായ പ്രകാശ് രാജിന്റെ വിമർശം. തന്റെ സുഹൃത്ത് കൂടിയായ എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പാലിക്കുന്ന മൗനത്തിനാണ് പ്രകാശ് രാജ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ മൗനം ഭയപ്പെടുത്തുന്നതാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിച്ചവരെ പ്രധാനമന്ത്രി തള്ളിപ്പറയാത്തതിനെയും പ്രകാശ് രാജ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം വിമര്‍ശിച്ചു.

മികച്ച നടന്‍, മികച്ച ചിത്രം എന്നിവയ്ക്കായി അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്.