ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിയെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. തിരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ് പ്രഹരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

'തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ മുഖത്ത് കിട്ടിയ അടിയാണ്. കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നു. എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജ് പിറകിലായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബിജെപിയുടെ സിറ്റിങ് എം.പി പി.സി. മോഹനും കോണ്‍ഗ്രസിന്റെ റിസ്വാന്‍ അഷ്റഫുമായിരുന്നു പ്രകാശ് രാജിന്റെ എതിരാളികള്‍. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോഹന്‍ ആണ് ലീഡ് ചെയ്യുന്നത്. കര്‍ണാടകയിലെ 28 സീറ്റില്‍ 24 സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. 15000 വോട്ടുകളാണ് പ്രകാശ് രാജ് നിലവില്‍ നേടിയിരിക്കുന്നത്.

Content Highlights: Prakash Raj loses central Bangalore, lok sabha election 2019, says it is a solid slap on my face