ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഡല്‍ഹിയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശം. 

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിക്കൂടേ എന്ന് കോടതി ചോദിച്ചു. രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത് കുറയ്ക്കാന്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ഡല്‍ഹി ഹൈക്കോടതിയുടെ പരമാര്‍ശം പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. 

ബി.ജെ.പിയിലെ ഉന്നത നേതാക്കന്മാര്‍ക്ക് ജനങ്ങളുടെ ജീവന്‍ ഒന്നുമല്ല... അവര്‍ക്ക് തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വലുത്.... ഒരു കാഴ്ച്ചപ്പാടുമില്ലാത്ത ഈ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു.‌- പ്രകാശ് രാജ് കുറിച്ചു.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ നല്‍കുന്നത് ഏപ്രില്‍ 22 മുതല്‍ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചത്. ഏപ്രില്‍ 22 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. 'ഇന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തത് എന്താണ് ? ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രില്‍ 22 വരെ ഓക്‌സിജന് വേണ്ടി കാത്തിരിക്കാന്‍ ആരെങ്കിലും പറയുമോ ?', ഹൈക്കോടതി ആരാഞ്ഞു.

Content Highlights: Prakash Raj criticizes BJP Government, oxygen cylinder shortage, Covid19 Pandemic