കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ സിനിമാതാരങ്ങളും നിര്‍ദേശപ്രകാരം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. അതോടൊപ്പം സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ സിനിമാക്കാര്‍ ഒന്നടങ്കം മുന്നിട്ടറങ്ങിയിരിക്കുകയാണ്. 

ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല പ്രകാശ് രാജ് ചെയ്തത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം അദ്ദേഹം മാറ്റി വച്ചു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി. തന്റെ കയ്യിലുള്ള സമ്പാദ്യമെല്ലാം മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഷൂട്ടിങ് തുടങ്ങിയാൽ സമ്പാദിച്ചു തുടങ്ങാം. അതുകൊണ്ട് തന്റെ വരുമാനത്തെക്കുറിച്ച് ഞാൻ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതിഥി തൊഴിലാളികൾക്ക് തന്റെ ഫാം ഹൗസിൽ താമസമൊരുക്കുകയും  നാട്ടിലേക്ക് പോകേണ്ടവർക്ക് അതിനുള്ള സഹായവും ചെയ്തു നൽകിയിരിക്കുകയാണ്  പ്രകാശ് രാജിപ്പോൾ. 

ഞാൻ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവെയ്ക്കും അവർ എനിക്ക് തിരികെ നൽകില്ലായിരിക്കാം. എന്നാൽ ഒടുവിൽ അവർ വീട്ടിലെത്തുമ്പോൾ അവർ പറയും.  ഞങ്ങൾക്ക് വീട്ടിലെത്താൻ പ്രതീക്ഷ നൽകിയ ഒരാളെ ഞങ്ങൾ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.

Content Highlights: Ready to beg or borrow: Prakash Raj helps migrant workers during lock down