പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റിലായിരുന്നു. കോവിഡ് മഹാമാരി കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതായിരുന്നു പോസ്റ്ററിലെ ആരോപണം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിന്‍ എന്തിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകള്‍ക്കു പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്ററുകള്‍ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. മറ്റൊരാള്‍ക്കു വേണ്ടിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് പിടിയിലായ ഒരാള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാള്‍ പറഞ്ഞു.

Content Highlights: Prakash Raj actor Asks Prime Minister Narendra Modi to arrest him, COVID 19