പ്രതിഫലതുകയിൽ റെക്കോർഡിട്ട് നടൻ പ്രഭാസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലമായി നൽകുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ.. അഭിനയിക്കുന്നതിന് 70 കോടി രൂപയും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയിൽ 30 കോടി രൂപയുമാകും ലഭിക്കുക. നേരത്തെ എ.ആർ മുരുഗദോസിന്റെ ദർബാർ എന്ന ചിത്രത്തിനായി 70 കോടി രൂപയാണ് രജനികാന്തിന് പ്രതിഫലം നൽകിയതെന്ന് വാർത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ രജനിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനായി മാറും പ്രഭാസ്.

മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് പ്രഭാസിന്റെ നായികയായെത്തുന്നത്. അശ്വിനി ദത്താണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ എന്റർടെയ്നറിന് പോസ്റ്റ് പ്രൊഡക്ഷൻ കുറഞ്ഞത് ആറുമാസം എടുക്കുമെന്ന് അശ്വിനി ദത്ത് വ്യക്തമാക്കിയിരുന്നു. വൈജയന്തി ക്രിയേഷൻസ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതിൽ ധാരാളം ഗ്രാഫിക്സ്, സിജിഐ ജോലികൾ ഉൾപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. മറ്റു നിരവധി ഭാഷകളിലേക്കുള്ള മൊഴിമാറ്റവും പരിഗണിക്കുന്നുണ്ട്. 300 കോടിക്ക് മുകളിൽ മുതൽമുടക്കിൽ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. രാധാകൃഷ്ണ കുമാർ ഒരുക്കുന്ന ആനുകാലിക രാധേശ്യമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നു.


Content Highlights :Prabhas beats Rajinikanth as highest paid Indian actor with Rs 100 crore for Nag Ashwin Movie