നിരവധി സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് മേയ് 11-ന് ശേഷം സിനിമാ ചിത്രീകരണ-നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഇതിനു പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍, കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്നീ സിനിമകളുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന മിക്ക തമിഴ് സിനിമകളുടെയും നിര്‍മാണ ജോലികള്‍ ഈയാഴ്ച തന്നെ തുടങ്ങാനാണ് പ്രൊഡക്ഷന്‍ ഹൗസുകളുടെ പദ്ധതി. ഇതില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു സിനിമ മാസ്റ്ററാണ്. വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമാണ് മാസ്റ്റര്‍. ഇതിലെ കുട്ടി സ്‌റ്റോറി എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഥവാ ഫെഫ്‌സി പുറത്തുവിട്ട ഔദ്യോഗിക പത്രകുറിപ്പില്‍ 10-ഓളം സിനികള്‍ ലോക്ക്ഡൗണ്‍ സമയത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുമതി തേടിയിരുന്നു. 

ത്രിഷ നായികയായ രാങ്കി, വിശാലിന്റെ ചക്ര, നയന്‍താര നായികയായ മൂക്കുത്തി അമ്മന്‍, പ്രഭു സോളമന്റെ കുംകി 2, കാര്‍ത്തിക്ക് സുബ്ബരാജിന്റെ കീര്‍ത്തി സുരേഷ് നായികയായ പെന്‍ഗ്വിന്‍ എന്നീ സിനിമകളും രണ്ട് വെബ് സീരിസും ജോലികള്‍ പുനരാരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.

മാസ്റ്ററിന്റെ ചിത്രീകരണം ലോക്ക്ഡൗണിന് മുന്‍പ് തന്നെ ഏകദേശം പൂര്‍ത്തിയായിരുന്നു. ഇനി ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ ജോലികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. മേയ് 12 മുതല്‍ ഇത് തുടങ്ങുന്നതായി വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് ട്വിറ്ററിലൂടെ അറിയിച്ചു. 

അധികം വൈകാതെ തന്നെ മാസ്റ്ററിന്റെ റിലീസ് ഡേറ്റും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അത് ഈ അറിയിപ്പ് ഈ മാസം തന്നെ ഉണ്ടാകുമെന്ന സൂചനകളാണ് സംവിധായകന്‍ ലോകേഷ് കനകരാജും വിജയും നല്‍കുന്നത്.

ഒരു കോളേജ് പ്രൊഫസറിന്റെ വേഷമാണ് വിജയ് മാസ്റ്ററില്‍ ചെയ്യുന്നത്. ഏപ്രിലില്‍ പുറത്തിറങ്ങാനിരുന്ന ചിത്രം ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. വിജയിനെ കൂടാതെ വിജയ് സേതുപതി, ആന്റ്രിയ ജെറിമിയ, മാളവിക മോഹനന്‍, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ഗൗരി കിഷന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlights: post production works of  Vijay starrer Master starts amid lockdown