മുംബൈ: നീലച്ചിത്രക്കേസിൽ പ്രതി ചേർക്കപ്പെട്ട നടി ഗഹന വസിഷ്ഠ് മുംബൈ പോലീസിന് മൊഴി നൽകി. തനിക്കെതിരേ വ്യാജ പരാതി നൽകിയ യുവതിയുടെ പേരിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ഗഹന പറഞ്ഞു.

ഈ കേസിൽ ഗഹനയെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അഭിഭാഷകനൊപ്പം നടി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയത്. നഗ്നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താൻ നിർമിച്ചതെന്നും എന്നാൽ, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും ഗഹന പോലീസിനോടു പറഞ്ഞു എന്നാണ് അറിയുന്നത്. ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ വഴി വിതരണം ചെയ്യുന്ന സിനിമകൾക്ക് നിലവിൽ സെൻസർഷിപ്പ് ഇല്ല. അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ലെന്നാണ് ഗഹനയുടെ വാദം.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചു എന്ന പരാതിയിൽ ഗഹന വസിഷ്ഠിനെതിരേ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത മൂന്നാം കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റു രണ്ടു കേസുകളിൽ ഗഹനയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചതാണ്. ഒരു കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ ഗഹന നാലുമാസം റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

മുംബൈയിലെ ഒരു മോഡലിന്റെ പരാതിയിലാണ് മാൽവനി പോലീസ് ഗഹനയ്ക്കെതിരേ ജൂലായിൽ പുതിയ കേസെടുത്തത്. വൻകിടനിർമാതാക്കളുടെ സിനിമയിൽ അവസരം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

തുറന്നു സംസാരിക്കുന്നതിന്റെ പേരിലാണ് പോലീസ് തന്നെ കേസിൽ കുടുക്കുന്നതെന്ന് ഗഹന മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാൽവനി പോലീസിനു നൽകിയ പരാതി വ്യാജമാണ്. കള്ളപ്പരാതി നൽകിയ യുവതിക്കെതിരേ മാനനഷ്ടക്കേസ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കുമെന്നും ഗഹന പറഞ്ഞു.

വ്യവസായിയും നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കെതിരായ കേസിനെപ്പറ്റി പ്രതികരിക്കാൻ ഗഹന തയ്യാറായില്ല.

രാജ് കുന്ദ്ര നീലച്ചിത്രക്കേസിൽ അറസ്റ്റിലായതോടെയാണ് ഗഹനയ്ക്കെതിരേ പുതിയ കേസു വന്നത്. ഗഹന നിർമിച്ച നീലച്ചിത്രങ്ങൾ രാജ് കുന്ദ്രയുടെ ആപ്പ് വഴിയാണ് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ജൂലായ് 19-ന് അറസ്റ്റിലായ രാജ് കുന്ദ്ര ചൊവ്വാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്

Content Highlights : Porn films case actress Gehana Vasisth appeared before Mumbai Police to record her statement