പൂർണിമ ഇന്ദ്രജിത്ത് | ഫോട്ടോ: ജമേഷ് കോട്ടയ്ക്കൽ | മാതൃഭൂമി
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലെ നിവിൻ പോളിയുടെ അമ്മവേഷത്തിലൂടെ സിനിമയിൽ തന്റെ സാന്നിധ്യം ശക്തമായുറപ്പിക്കുകയാണ് പൂർണിമ. തുറമുഖത്തിലെ കഥാപാത്രമാവാൻ ചെയ്ത തയ്യാറെടുപ്പുകളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണവർ. ചിത്രത്തിലെ ഉമ്മയുടെ കഥാപാത്രം എത്രമാത്രം ആഴമുള്ളതാണെന്നു മനസ്സിലാക്കിയിരുന്നുവെന്നും ഉമ്മ സഞ്ചരിച്ച വൈകാരികമായ പല തലങ്ങളെക്കുറിച്ച് താൻ ആലോചിച്ചിരുന്നെന്നും അവർ മാതൃഭൂമിയോട് പറഞ്ഞു.
ഉമ്മയുടെ കഥാപാത്രം ചെയ്യണമെന്ന് രാജീവ് പറഞ്ഞപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ആവേശമായിരുന്നുവെന്ന് പൂർണിമ പറഞ്ഞു. എപ്പോഴോ ആഗ്രഹിച്ചൊരു കാര്യം കൈയിലെത്തിയതുപോലെ. സിനിമ മാറി, ഞാനും മാറി. തന്റെ ഇതുവരെയുള്ള യാത്രപോലെയല്ല, ഒരിടവേളയ്ക്കുശേഷം തിരിച്ചുവരുമ്പോൾ വെല്ലുവിളിയാവുന്ന കഥാപാത്രമാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തുറമുഖത്തിലെ ഉമ്മയെപ്പോലെയുള്ള കഥാപാത്രം ഇനി ചെയ്യാൻ പറ്റണമെന്നില്ലെന്നും അവർ പറഞ്ഞു.

"ഉമ്മയുടെ ലോകം ഭർത്താവും മൂന്നു മക്കളുമാണ്. അവരുമായുള്ള ബന്ധത്തിന്റെ ആഴം തീവ്രമായി കാണിക്കുന്ന നല്ല സീനുകളുണ്ട് ഈ സിനിമയിൽ. എന്റെ കഥാപാത്രത്തിന് രണ്ടു കാലഘട്ടമാണുള്ളത്. അതിൽ 50 വയസ്സിനുമുകളിൽ പ്രായമുള്ള കാലത്തിനുവേണ്ടി പത്ത് കിലോ ഭാരം കൂട്ടിയിരുന്നു. ഭാരം കുറയുമോ എന്ന ചെറിയൊരു ടെൻഷനുണ്ടായിരുന്നു. പിന്നീട് ചെറുപ്പകാലം ചെയ്യാനായി ശാരീരികമായും മാനസികമായും നന്നായി ഹോംവർക്ക് ചെയ്തു. ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പ് അന്നത്തെക്കാലത്ത് മട്ടാഞ്ചേരിയിലേക്ക് താമസം മാറിവന്ന ഒന്നുരണ്ട് ഉമ്മമാരെ ഞാൻ കണ്ടിരുന്നു. അവർക്കൊപ്പം ഒരു ദിവസം ചെലവഴിച്ച്, കഥകൾ കേട്ട്, അവർ കടന്നുവന്ന സാഹചര്യങ്ങൾ മനസ്സിലാക്കി." പൂർണിമ കൂട്ടിച്ചേർത്തു.
1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകൻ രാജീവ് രവി തന്നെ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരനാണ്.
Content Highlights: poornima indrajith interview, poornima indrajith about her character in thuramukham movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..