ജീവിതത്തില്‍ ഒരു കറുത്ത കാലമുണ്ടായിരുന്നു നടി പൂജ ഭട്ടിന്. അമിത മദ്യപാനത്തില്‍ മുങ്ങിപ്പോയി ജീവിതം തന്നെ ഇരുളടഞ്ഞുപോയ ഒരു കാലം. അത്ഭുതകരമായാണ് പൂജ അതില്‍ നിന്ന് തിരിച്ചുവന്നത്.
എന്നാല്‍, ഇപ്പോഴും പൂജയെ എളുപ്പത്തില്‍ മുറിവേല്‍പിക്കാനുള്ള ഒരു ആയുധമാണ് പലര്‍ക്കും ഈ ഇരുണ്ടകാലം. ഇയ്യിടെ ബിഗ് ബി അമിതാഭ് ബച്ചനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരാള്‍ ഈ ഭൂതകാലം പൊടിതട്ടിയെടുത്താണ് പൂജയെ ട്വിറ്ററില്‍ ആക്രമിച്ചത്.
അറിയപ്പെടുന്ന മദ്യപാനിയും കാലത്തിനനുസരിച്ച് തല പൊക്കുന്ന കീടവുമായ നിങ്ങള്‍ പബ്ലിസിറ്റിക്കുവേണ്ടി ബച്ചനെപ്പോലൊരു ഇതിഹാസത്തിന്റെ പേര് ഉപയോഗിക്കുകയാണ്-അനുപം മിശ്ര എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ഈ അധിക്ഷേപം കേട്ട് വെറുതെയിരിക്കാന്‍ ഒരുക്കമായിരുന്നില്ല പൂജ. കണക്കിന് തന്നെയായിരുന്നു മറുപടി. അതെ ഞാന്‍ മദ്യപാനത്തില്‍ നിന്ന് തിരിച്ചുവന്ന ആളാണ്. അതില്‍ അഭിമാനമേയുള്ളൂ. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു പറയാന്‍ മടിയുള്ള രാജ്യത്ത് ഇത് ചര്‍ച്ചയാവട്ടെ. സ്വന്തം അല്‍പത്തരം തുറന്നുകാണിക്കുന്ന നാണംകെട്ട ഇത്തരക്കാരില്‍ നിന്ന് വഴിമാറി നടക്കുന്നതില്‍ സന്തോഷമേയുള്ളൂ എനിക്ക്-പൂജ കുറിച്ചു.
മൂന്ന് വര്‍ഷം മുന്‍പാണ് ജീവിതത്തിനുമേല്‍ നിഴല്‍ വീഴ്ത്തിയ മദ്യപാനത്തില്‍ നിന്ന് പൂജ മോചനം നേടിയത്. എനിക്ക് 45 വയസ്സായി. ഇനിയുമൊരു പത്ത് വര്‍ഷം കൂടി ജീവിക്കണമെന്നുണ്ട്. ഈ മദ്യപാനം എന്നെ ചുടലയിലേയ്ക്കാണ് നയിക്കുന്നത്. അതുകൊണ്ട് ഞാന്‍ അത് ഉപേക്ഷിക്കുകയാണ്. എന്നിലെ ആ തിളക്കമുള്ള, മൂര്‍ച്ചയുള്ള എന്നെ തിരിച്ചുപിടിക്കണം എനിക്ക്-മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് അന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പൂജ പറഞ്ഞിരുന്നു.
കഠുവ സംഭവത്തില്‍ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൂജ ബച്ചനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് തന്നെ മടുപ്പുളവാക്കുന്നു. അത് ഉയര്‍ത്തിക്കൊണ്ടുവരാതിരിക്കുക. അത് ചര്‍ച്ച ചെയ്യുന്നത് തന്നെ വല്ലാത്തൊരു കാര്യമാണ് എന്ന ബച്ചന്റെ അഭിപ്രായപ്രകടനമാണ് പൂജയെ ക്ഷുഭിതയാക്കിയത്.
പിങ്ക് എന്ന ചിത്രത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവുന്നില്ല എനിക്ക്. സ്‌ക്രീനിലെ വസ്തുതകള്‍ യഥാര്‍ഥ ജീവിതത്തിലും പ്രതിഫലിച്ചെങ്കില്‍ എന്നാശിക്കുകയാണ് എന്നായിരുന്നു പൂജയുടെ ട്വീറ്റ്. ഇതാണ് ഒരു ബച്ചന്‍ ആരാധകനെ ചൊടിപ്പിച്ചത്.
Content Highlights: PoojaBhatt AmitabBachchan Alcoholic Kathua Rape Bollywood Actress