മദ്യാസക്തിയോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ചുള്ള ബോളിവുഡ് നടി പൂജ ഭട്ടിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു. മദ്യമില്ലാതെ മൂന്ന് വർഷവും ഒമ്പത് മാസവും പൂർത്തീകരിച്ച വേളയിലാണ് പൂജ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മദ്യാസക്തിയിൽ നിന്ന് മോചനം നേടാൻ ആ​ഗ്രഹിക്കുന്ന മറ്റുള്ളവർക്ക് വേണ്ടിയാണ് തന്റെ തുറന്നെഴുത്തെന്ന് പൂജ പറയുന്നു.

പൂജയുടെ കുറിപ്പിലെ പ്രസക്ത ഭാ​ഗങ്ങൾ

മദ്യലഹരിയില്ലാത്ത മൂന്ന് വർഷവും ഒമ്പത് മാസവും. അധികം വൈകാതെ അത് നാല് വർഷമാകും. പരസ്യമായി മദ്യപിച്ചിരുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൽ നിന്നുള്ള മോചനവും പരസ്യമായി തന്നെ വേണമെന്നായിരുന്നു എന്റെ തീരുമാനം. എന്റെ ഈ യാത്ര മറ്റുള്ളവരോടായി പ്രത്യേകിച്ച് സ്ത്രീകളോടായി പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നി. കാരണം എനിക്ക് കഴിയുമെങ്കിൽ അവർക്കും പറ്റുമെന്ന് അറിയണം, അവർ ഒറ്റക്കല്ലെന്ന് മനസിലാക്കണം. പലരും അവഹേളിച്ചിട്ടുണ്ട്. എന്നാൽ എന്റെ മനശക്തിയെ അഭിന്ദിച്ചവരാണ് അധികവും.

ആസക്തിയെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നവരെ ധൈര്യശാലികളെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഞാൻ അതിശയിക്കുന്നത്. അതുപോലെ നിങ്ങളെ വീണ്ടെടുക്കാൻ സഹായിച്ച ​ഗ്രൂപ്പുകളെ അജ്ഞാതമെന്ന് വിശേഷിപ്പിക്കുന്നതും.

എന്തുകൊണ്ടാണ് ഒരാൾ ലഹരിവസ്തുക്കൾ ഉപയോ​ഗിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കാതെയാണ് അവരെ പലരും കുറ്റവാളികളാക്കുന്നത്. മദ്യം ഒരുതരം മരുന്നാണ്, ഞാൻ തിരഞ്ഞെടുത്തതും ആ മരുന്നായിരുന്നു. അത് സാമൂഹികമായി സ്വീകാര്യമായതിനാൽ അത് അങ്ങനെയല്ല എന്ന് അർത്ഥമാക്കുന്നില്ല. മദ്യപിക്കാതിരിക്കുന്നതിന് പല ഒഴിവു കഴിവുകളും പോയ വർഷങ്ങളിൽ എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്.

നിരന്തരം ഒരാളെ വിധിക്കുന്നതിന് പകരം അയാളെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഒരു സമൂഹത്തിന് അവരെ സുഖപ്പെടുത്താനും പരിണമിപ്പിക്കാനും കഴിയൂ. 

സത്യത്തിന്റെയും ദയയുടെയും സ്ഥാനത്ത് നിന്ന് ഞാനിനിയും തുറന്ന് സംസാരിക്കും. ഒരാളെങ്കിലും ഉണ്ടെങ്കിൽ, മദ്യലഹരിയോട് വിടപറയാനുള്ള അവരുടെ യാത്രയിൽ കൂടെ തുടരാനുമാവും എന്ന പ്രതീക്ഷയിൽ..ദൈവം അതിനെന്നെ സഹായിക്കട്ടെ. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന ഹാഷ്ടാ​ഗോടെ പൂജ കുറിച്ചു.

ഏറെ നാളത്തെ ഇടവേളയ്ക്കൊടുവിൽ അച്ഛൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് 2 ലൂടെ പൂജ ബി​ഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയിരുന്നു.

Content Highlights : Pooja Bhatt Opens up on Soberity Alcoholism