-
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണം ശ്രീലങ്കയിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരുന്നു. തായ്ലാന്റിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. പൂനെയിലും ഹെെദരാബാദിലും സിനിമ ചിത്രീകരിക്കും.
ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചൻ ഡബിൾ റോളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേഷമിടുന്നു. വിക്രം, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, ജയറാം, അശ്വന് കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.
മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര് റഹ്മാന്, ഛായാഗ്രഹണം- രവി വര്മന്, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്.ഒ- ജോണ്സണ്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ കൃതി.
പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എ.ജി.ആര് ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.
2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ ശെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.
അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നം അവസാനമായി സംവിധാനം ചെയ്തത്. 2018 സെപ്തംബറില്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.
Content Highlights: ponniyin selvan shooting to resume in Srilanka, Maniratnam Movie cast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..