പൊന്നിയിൻ സെൽവൻ 2 ട്രെയിലർ റിലീസ് പോസ്റ്റർ
തമിഴ് സിനിമാ ലോകത്തിൻ്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന മക്കൾ തിലകം എം ജി ആർ മുതൽ കമലഹാസൻ അടക്കമുള്ളവർ ഇത് സിനിമയാക്കാൻ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടിവി ചാനൽ നടൻ റഹ്മാനെ വെച്ച് ' പൊന്നിയിൻ സെൽവൻ ' ബ്രഹ്മാണ്ഡ മെഗാ പരമ്പര നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നൂ.
എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ വമ്പന്മാർക്ക് കഴിയാതെ പോയത് വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രവർത്തികമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. അതും വൻ താരനിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ചു കൊണ്ട്. ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസിൽ വിജയത്തിൻ്റെ ചരിത്രം സൃഷ്ടിച്ചിരുന്നു.
പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 - ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ. റിലീസിന് മുന്നോടിയായി പിഎസ്-2 ൻ്റെ ട്രെയിലർ മാർച്ച് 29 ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തു വിട്ടു.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ', (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.
സി.കെ.അജയ് കുമാർ, പി ആർ ഒ
Content Highlights: ponniyin selvan 2 trailer from april 28, maniratnam movie ps 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..