പ്രമോ വീഡിയോയിൽ നിന്നും
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍ 2' ബോക്‌സോഫീസില്‍ വിജയകരമായി കുതിപ്പ് തുടരുമ്പോള്‍ പുതിയ പ്രമോ വീഡിയോകള്‍ പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം വിക്രമിന്റെ ആദിത്യകരികാലനടക്കമുള്ള ചോളന്‍മാര്‍ക്കെതിരേ ഗൂഢാലോചന നടത്തുന്നതാണ് ഒരു പ്രമോയുടെ ഉള്ളടക്കം. ഒടുവില്‍ കരികാലനും നന്ദിനിയും കണ്ടുമുട്ടുന്ന രംഗങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കരികാലന്റെയും നന്ദിനിയുടെയും കൗമാരകാലവും പ്രണയവും അവതരിപ്പിക്കുന്ന ചിന്നഞ്ചിരു നിലവേ എന്ന ഗാനത്തിന്റെ പ്രമോ വീഡിയോയും ഇതുകൂടാതെ പുറത്തുവിട്ടിട്ടുണ്ട്.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തില്‍ 200 കോടി നേടിയിരിക്കുകയാണ് 'പൊന്നിയിന്‍ സെല്‍വന്‍ 2'. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.
റിലീസ് ചെയ്ത ദിനത്തില്‍ ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോള്‍ വിജയ് നായകനായ 'വാരിസി'ന്റെ റെക്കോഡാണ് പി.എസ്. 2 തകര്‍ത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം 2022 സെപ്തംബര്‍ 22-നാണ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ലോകവ്യാപകമായി ചിത്രം 80 കോടിയോളം വരുമാനം നേടിയിരുന്നു. 500 കോടിയാണ് ബോക്‌സ്ഓഫീസില്‍നിന്ന് നേടിയത്. 'പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം' ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍ ചോള സാമ്രാജ്യത്തിൻെറ സിംഹാസനം നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കിലാണ് രണ്ടുഭാഗങ്ങളും പൂര്‍ത്തിയക്കിയത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മാണം.
Content Highlights: Ponniyin Selvan 2 crosses new promo videos maniratnam film vikram aishwarya rai PS 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..