ചെന്നൈ: നടൻ വിജയ്‌യുടെ പേരിൽ നിർമാതാവും സംവിധായകനുമായ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പുതിയ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചു. എന്നാൽ, തനിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി വിജയ് രംഗത്തുവന്നു. തന്റെ പാർട്ടി എന്നനിലയിൽ അംഗത്വമെടുക്കരുതെന്ന് ആരാധകരോട് അദ്ദേഹം അഭ്യർഥിച്ചു.

അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രജിസ്റ്റർചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വിജയ്‌യുടെ ആരാധകസംഘടനയുടെ പേരാണ് വിജയ് മക്കൾ ഇയക്കം. നടന്റെ അച്ഛൻ ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയായ പാർട്ടിയുടെ ഖജാൻജി അമ്മ ശോഭയാണ്. ഇവരുമായി അടുപ്പമുള്ള പത്മനാഭനാണ് പ്രസിഡന്റ്. പാർട്ടി ആരംഭിച്ചത് വിജയ് അറിയാതെയാണെന്നും ഇത് തന്റെ സ്വന്തംതീരുമാനമാണെന്നും ചന്ദ്രശേഖർ വിശദീകരിച്ചു. 27 വർഷം മുമ്പ് താൻ ആരാധകസംഘടന ആരംഭിച്ചത് വിജയ്‌യുടെ സമ്മതം വാങ്ങിയല്ലായിരുന്നുവെന്നും അതിന്റെ വളർച്ചയും സ്വഭാവിക പരിണാമവുമാണിതെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത പടർന്നതോടെയാണ് വിജയ് അച്ഛന്റെ നീക്കത്തിനെതിരേ പ്രസ്താവന ഇറക്കിയത്. അച്ഛൻ രാഷ്ട്രീയപ്പാർട്ടി ആരംഭിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും എന്നാൽ, ഇതുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും നടൻ വ്യക്തമാക്കി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭാവിയിൽ അദ്ദേഹമെടുക്കുന്ന ഒരു നടപടിക്കും തനിക്ക് ഉത്തരവാദിത്വമില്ല. അച്ഛൻ പാർട്ടി ആരംഭിച്ചുവെന്നതിന്റെ പേരിൽ ആരാധകർ അതിൽചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: political party in the name of actor vijay, actor says he will take legal action if using his name for new political party