സംവിധാന രംഗത്ത് സ്ത്രീ സാന്നിദ്ധ്യമായി രമ്യാ അരവിന്ദ് എന്ന നവാഗത കടന്നു വരുന്നു. പൊലീസുകാരൻ്റെ മരണം എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ കടന്നുവരവ്. മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന  വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Ramya

ഇക്കഴിഞ്ഞ നവംബർ ഇരുപത് ശനിയാഴ്‌ച്ച എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന് തുടക്കമിട്ടു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ അംബുജം മോഹൻ ഭദ്രദീപം തെളിയിച്ചു. രൺജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബെന്നി. പി. നായരമ്പലം ഫസ്റ്റ് ക്ലാപ്പ് നൽകി. അൻവർ റഷീദ് തിരക്കഥ കൈമാറി.

സംവിധായകരായ സിദ്ദിഖ്, ഷാഫി, മാർത്താണ്ഡൻ, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നിർമ്മാതാവ് ആൻ്റോ ജോസഫ്, ബാദുഷ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉർവ്വശിയും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു. ഒരു തികഞ്ഞ മർഡർ മിസ്റ്ററി തന്നെയാണ്  ചിത്രമെന്ന് രമ്യ പറഞ്ഞു.

polisukarante maranam 2

സംവിധായികയുടേത് തന്നെയാണ് തിരക്കഥയും. ജസ്റ്റിൻ വർ​ഗീസാണ് സം​ഗീത സംവിധാനം. ഷഹ്നാദ് ജലാലാണ് ഛായാഗ്രാഹകൻ. കലാസംവിധാനം - ഗോകുൽദാസ്. മേക്കപ്പ്- ജോ കൊരട്ടി. വസ്ത്രാലങ്കാരം - ബ്യൂസി ബേബി ജോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -  രാജീവ് പെരുമ്പാവൂർ.  പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻ പൊടുത്താസ്. പി.ആർ.ഒ - വാഴൂർ ജോസ്. ജനുവരി മധ്യത്തിൽ വാഗമണ്ണിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു.

Content Highlights: Polisukarante Maranam, new malayalam movie, Soubin Shahir and Urvashi