നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിനെ ചോദ്യം ചെയ്തു വരുന്നു. തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ കമ്മീഷ്ണറുടെ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പോലീസ് ക്ലബിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുക്കുകയും വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് സ്വീകരിക്കുകയുമുണ്ടായി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാവുക. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനുള്ള സാധ്യതയുമുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെ കേസ്. ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് പരാതിയില്‍ കേസെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ശ്രീകുമാറില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലം മുതല്‍ ശ്രീകുമാറിന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ആരോപണങ്ങള്‍ക്കെതിരേ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. മഞ്ജുവിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Content Highlights : Police questions Sreekumar Menon on Manju Warrier's complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..