തസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പോലീസ് കേസെടുത്തു.  ഹിന്ദു മക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ  പരാതിയിലാണ് തഞ്ചാവൂർ തിരുപ്പനന്തൽ പോലിസ് കേസെടുത്തത്. രാജരാജ ചോളന്‍ ഒന്നാമനെതിരെയുള്ള പരാമര്‍ശനത്തിന്റെ പേരിലാണ് പരാതി. 

ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുംഭകോണത്തിന് സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗള്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാ രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം. നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയാണ് പാ രഞ്ജിത്ത്.

രാജരാജ ചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പാ രഞ്ജിത് പറഞ്ഞത്. ഇപ്പോഴുള്ള പല ക്ഷേത്രങ്ങളും ദളിതരുടേതായിരുന്നുവെന്നും കൂടാതെ രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സമ്പ്രദായം വ്യാപകമാകുന്നതെന്നു പാ രഞ്ജിത്ത് പറയുകയുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ രഞ്ജിത്തിനെതിരേ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഹൈന്ദവ സംഘടനകളുടെ  വധഭീഷണിയും പാ രഞ്ജിത്ത് നേരിടുന്നുണ്ട്. 

ഇത് കൂടാതെ പശുവിനെ ദൈവമായി കാണുന്നവരാണ് ഹിന്ദുക്കള്‍ എങ്കില്‍ ആ ദൈവത്തെ തിന്നുന്നവനാണ് താന്‍ എന്ന് രഞ്ജിത്ത് പറയുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്ക്കെതിരെയുള്ള സെക്ഷന്‍ 153, 153(A)1 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരേ കേസെടുത്തിരിക്കുന്നത്. 

Content Highlights : Police Case Against Director Pa Ranjith on Controversial Speech