-
ബെംഗളൂരു : ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന് ആരോപണമുയർന്ന കന്നഡ സിനിമ ‘പൊഗരു’വിലെ 14 രംഗങ്ങൾ പിന്‍വലിച്ചു. സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കർണാടക ബ്രാഹ്മിൺ ഡെവലപ്മെന്റ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്സും നടത്തിയ ചർച്ചയിലാണ് വിവാദരംഗങ്ങൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. ചിത്രത്തിന്റെ സംവിധായകൻ നന്ദകിഷോർ നേരത്തേ സംഭവത്തിൽ മാപ്പുപറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോർ പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കുശേഷം തിയേറ്ററുകളിലെത്തിയ വൻകിട ചിത്രമാണ് ധ്രുവ സർജയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പൊഗരു. ചിത്രത്തിലെ ചില രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബിൽ ബെംഗളൂരു സ്വദേശി വീഡിയോയിട്ടതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടർന്ന് വിവിധ ബ്രാഹ്മണസമുദായ സംഘടനകൾ കർണാടക ഫിലിം ചേംബറിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബി.ജെ.പി. നേതാവ് ശോഭ കരന്തലജെയും ചിത്രത്തിനെതിരേ രംഗത്തെത്തി.
പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. കഥയിൽ മാറ്റങ്ങൾ വരാത്ത രീതിയിലാണ് രംഗങ്ങൾ വെട്ടിമാറ്റുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Content Highlights: 14 scenes from Kannada movie ‘Pogaru’ edited after members of Brahmin community object, Dhruva Sarja, Rashmika Mandanna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..