ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദിലീഷ് ജോജി ഒരുക്കിയിരിക്കുന്നത്. എന്നാൽ‌ ചിത്രത്തിന് മികച്ച ഒരു എന്റർടൈനർ പോലുമാകാൻ സാധിച്ചില്ലെന്നും ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും മാക്ബെത്തിന്റെ പ്രാകൃതമായ ആവിഷ്കകാരം മാത്രമായി ജോജി ചുരുങ്ങിയെന്നും കവി കുറിക്കുന്നു. 

സച്ചിദാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതൽ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാൽ ഭരദ്വാജിന്റെ "മക്ബൂൽ " പോലുള്ള അനുവർത്തനങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടൈനർ പോലും ആകാൻ കഴിഞ്ഞില്ല. ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല.

ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കൻ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാർത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി. (ആ പ്രേതദർശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളിൽ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘർഷത്തിന്റെയും പ്ലേയിങ്ങ് ഔട്ട് മാത്രം. പ്രശ്നം  വിശദാംശങ്ങളിൽ അല്ല, കൺസപ്റ്റിൽ‌ തന്നെയാണ്, അതിനാൽ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു....

Posted by Koyamparambath Satchidanandan on Thursday, 8 April 2021

ആമസോൺ പ്രൈമിൽ ഈ മാസം ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഫഹദിനെക്കൂടാതെ ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ, ജോജി മുണ്ടക്കയം, സണ്ണി തുടങ്ങിയവരും വേഷമിട്ടിരുന്നു,. 

Content Highlights : Poet K satchidanandan Criticism against Dileesh Pothan Fahadh Faasil movie Joji