ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവനടന്റേത് അകാലവിയോഗമായെന്നും കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

'യുവനടനായ സുശാന്ത് സിങ് രജ്പുതിന്റേത്, അകാല വിയോഗമായി. ടിവിയിലും സിനിമകളിലും മികച്ചു നിന്ന നടനായിരുന്നു. മറക്കാനാവത്ത ചില പ്രകടനങ്ങളുടെ ഓര്‍മ്മകള്‍ ബാക്കിവെച്ചാണ് നടന്‍ യാത്രയായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലുണ്ടാക്കി. കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു. ഓം ശാന്തി.' മോദി ട്വീറ്റ് ചെയ്തു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നടന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' ആണ് പ്രധാന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡ് (നീരുപകരുടെ) നേടി. 

ചിച്ചോര്‍, പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights : PM Narendra Modi tweets on bollywood actor Sushant Singh Rajput's death