ദ കശ്മീർ ഫയൽസിന്റെ അണിയറപ്രവർത്തകർ മോദിക്കൊപ്പം
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകൾ സത്യം പുറത്തുകൊണ്ടുവരുന്നവയാണെന്നും ഈ സിനിമയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി രോഷാകുലരാണ്.വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ട തിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്"- മോദി പറഞ്ഞു.
സിനിമ റിലീസ് ആയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിർമ്മാതാവ് അഭിഷേക് എന്നിവരുൾപ്പെടെയുള്ള സംഘം മോദിയെ സന്ദർശിച്ചിരുന്നു. കശ്മീർ കലാപവും പണ്ഡിറ്റുകളുടെ പലായനവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും തല പൊക്കിയിരുന്നു.
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. പല മുഖ്യമന്ത്രിമാരും ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ പോലീസുകാർക്ക് സിനിമ കാണുന്നതിന് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകളെ ഇളക്കി മറിച്ച് ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. 630 സ്ക്രീനുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം 4.25 കോടി കളക്ഷൻ നേടി. രണ്ടാം ദിനമായ ശനിയാഴ്ച്ച 10.10 കോടി നേടിയതോടെ 2000 സ്ക്രീനുകളിലായി ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചു. 31.6 കോടിയാണ് മൂന്നാം ദിനം പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.
ട്വിറ്ററിലും ദ കശ്മീർ ഫയൽസ് എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. സൂപ്പർതാര സാന്നിധ്യങ്ങളില്ലാതെ ഒരു കൊച്ചു ചിത്രം ബോക്സോഫീസിൽ നേടിയ വൻ വിജയം എന്ന രീതിയിലാണ് ദ കശ്മീർ ഫയൽസിന്റെ വിജയത്തെ ട്വിറ്റർ ആഘോഷിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നും 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
Content Highlights: PM Modi supports The Kashmir Files movie by Vivek Agnihotri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..