നൻപകൽ നേരത്ത് മയക്കം സിനിമയുടെ പോസ്റ്റർ, ഹലിതാ ഷമീം | ഫോട്ടോ: www.facebook.com/Mammootty, www.facebook.com/halitha.shameem
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് വിവിധ ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി നായകനായ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. ഇപ്പോഴിതാ ചിത്രം ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. തന്റെ ചിത്രമായ ഏലേയുടെ കോപ്പിയാണ് നൻപകൽ നേരത്ത് മയക്കമെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഹലിതാ ഷമീം.
ഒരു സിനിമയുടെ എല്ലാ സൗന്ദര്യാത്മകതയും അതേപടി മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹലിത ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചത് എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഏലേയിൽ താൻ കണ്ടതും ചേർത്തതുമായ എല്ലാ സൗന്ദര്യാനുഭൂതിയും മോഷ്ടിക്കപ്പെട്ടു എന്ന വസ്തുത അൽപ്പം തളർത്തുന്നതാണെന്നും അവർ എഴുതി.
'ഐസ് വില്പനക്കാരൻ പാൽക്കാരനായി മാറി. സെമ്പുലി സെവലൈ ആയി മാറി. മോർച്ചറി വാനിന് പിന്നാലെ സെമ്പുലി ഓടിയതുപോലെ ഇവിടെ മിനി ബസിന് പിറകേ സെവലൈ ഓടുന്നു. ഏലേയിൽ ഞാൻ പരിചയപ്പെടുത്തിയ നടനും ഗായകനുമാണ് ചിത്തിരൈ സേനൻ. അദ്ദേഹം മമ്മൂട്ടിക്കൊപ്പം പാടുന്നു. ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു.' ഹലിത കൂട്ടിച്ചേർത്തു.
കഥ മുന്നോട്ട് പോകുമ്പോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. തനിക്കുവേണ്ടി താ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന തന്‍റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹലിതാ ഷമീം കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിരവധി പേരാണ് നിലവിൽ സംവിധായികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഏലേയുടെ പോസ്റ്ററിന് സമാനമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പോസ്റ്ററെന്ന് കമന്റ് ചെയ്തവരുണ്ട്. രണ്ട് സിനിമയുടേയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളിലെ സാമ്യം നോക്കൂ എന്നാണ് ഇത്തരത്തിലൊരു കമന്റിന് ഹലിത നൽകിയ മറുപടി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിതെന്ന് പറഞ്ഞവരുമുണ്ട്.
Content Highlights: plagery allegation, halitha shameem against nan pakal nerath mayakkam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..