ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനം. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരായ ബൗൺസർമാരാണ് ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചത്.

വ്യാഴാഴ്ച്ച രാത്രി മുംബൈ ബാന്ദ്രയിലെ ബാസ്റ്റണ്‍ റെസ്റ്റോറന്റില്‍ എത്തിയതായിരുന്നു ഇവർ. ഇരുവരും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തശേഷമാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനമേറ്റത്.

രണ്ട് ഫോട്ടോഗ്രാഫർമാർക്കാണ് ബൗൺസർമാരുടെ മർദനമേറ്റത്. ശില്‍പ്പക്കും രാജിനും പോവാനുള്ള വഴി ഒരുക്കുന്നതിനിടെ ഒരു ഫോട്ടോഗ്രാഫര്‍ ഇരുവരുടെയും ഫോട്ടോ തൊട്ടടുത്ത് നിന്ന് പകര്‍ത്താന്‍ ശ്രമിച്ചതിനാലാണ് മര്‍ദിച്ചതെന്ന് ദേശീയ മാധ്യമമായ എബിപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന്റെ വീഡിയോ ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അംഗരക്ഷകര്‍ ഫോട്ടോഗ്രാഫര്‍മാരെ ക്രൂരമായി മര്‍ദിക്കുന്നത് കാണാം. എന്നാല്‍ ശില്‍പ്പയും രാജ് കുന്ദ്രയും വീഡിയോയിലില്ല.  സുരക്ഷാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നും എ.എന്‍.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ശില്‍പ്പയും ഭര്‍ത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന തന്റെ പുതിയ തത്സമയ ഗെയിം ഷോ 'ആന്റി ബോലി ലഗോ ബോലി;സബ്‌സെ കാം സബ്‌സ അനോഗി'യുടെ തിരക്കിലാണ് ശില്‍പ്പയിപ്പോള്‍. എന്നാല്‍ അത് റെസ്‌റ്റോറന്റിന്റെ സ്ഥിരം അംഗരക്ഷകരെല്ലന്നും ശില്‍പ്പക്കും ഭര്‍ത്താവിനും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സെക്യൂരിറ്റി ഏജന്‍സി വഴി കൊണ്ടുവന്നതാണെന്നുമാണ് റെസ്റ്റോറന്റ് അധികൃതരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അവര്‍ പറയുന്നു. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച റെസ്റ്റോറന്റ് അധികൃതര്‍ സെക്യൂരിറ്റി ഏജന്‍സിയെ മാറ്റുകയാണെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.