കോഴിക്കോട് : സ്‌ക്രീനില്‍ അമുദന്റെയും പാപ്പയുടെയും ജീവിതം നിറഞ്ഞപ്പോള്‍ സദസിലും കണ്ണീര്‍ തുടച്ചുകൊണ്ട് അമുദന്‍മാര്‍ തങ്ങളുടെ പാപ്പമാരുടെ കൈകളില്‍ മുറുക്കെ പിടിച്ചു. കോഴിക്കോട് കൈരളി തിയേറ്ററില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കള്‍ക്കുമായി നടന്ന പേരന്‍പിന്റെ പ്രത്യേക പ്രദര്‍ശനമാണ് ഹൃദയഹാരിയായ രംഗങ്ങള്‍ക്ക് വേദിയായത്.
പന്തീരാങ്കാവ് പ്രശാന്തി സ്പെഷ്യല്‍ സ്‌കൂളിലെ 60 ഭിന്നശേഷി വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് പേരന്‍പിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. സിനിമ കാണാനെത്തിയ വിദ്യാര്‍ഥികളെ മധുരവും പൂക്കളും നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പേരന്‍പ് പറയുന്നത്. ചിത്രത്തിന്‍ അച്ഛനായ അമുദനായി മമ്മൂട്ടിയെത്തുമ്പോള്‍ സാധനയാണ് പാപ്പ എന്ന മകളുടെ വേഷം കൈകാര്യം ചെയ്യുന്നത്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറയുകയാണ് ചിത്രം. തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ റാം ആണ് ഈ തമിഴ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പത്ത് വര്‍ഷത്തിലേറെയായി അമുദന്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. ശേഷം നാട്ടിലേക്കെത്തുമ്പോള്‍ മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒതുങ്ങുന്നു. മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ കഥാതന്തു.
തങ്ങളെ തന്നെയാണ് സിനിമയില്‍ കണ്ടെതെന്ന് സിനിമ കണ്ട ശേഷം രക്ഷിതാക്കള്‍ പറഞ്ഞു. മമ്മൂട്ടി ടൈംസാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സഹകരണത്തോടെ പേരന്‍പിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്.
Content Highlights : Peranbu Special Screening At Kairali Theatre Peranbu Mammootty Sadhana Anjali