മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനായി ഫെബ്രുവരി വരെ കാത്തിരുന്നേ പറ്റൂ മലയാളി ആരാധകർക്ക്. ഫെബ്രുവരി 28നാണ് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ്. എന്നാൽ, അതിന് മുൻപ് ചിത്രം പാലക്കാട്ട് ഒരു ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് വാർത്ത ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യം നിഷേധിച്ചു രംഗത്തുവന്നിരിക്കുകയാണ് മേളയുടെ സംഘാടകർ.
ജനുവരി 25 മുതല്‍ 31 വരെ പാലക്കാട്ട് നടക്കുന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. പാലക്കാട് ചിറ്റൂരിലുള്ള പാഞ്ചജന്യം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ കൈരളി, ശ്രീ തിയ്യറ്ററുകളില്‍ നടക്കുന്ന മേളയിലാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കും എന്ന് അറിയിച്ചിരുന്നത്. നോട്ടീസില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്ന 39 സിനിമകളുടെ കൂട്ടത്തില്‍ പേരന്‍പ് ഉള്‍പ്പെട്ടിട്ടുണ്ട്. പാലക്കാട്ട് പോയി ചിത്രം കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു, പേരന്‍പിനായി കാത്തിരിക്കുന്നവര്‍.
എന്നാല്‍ ഇപ്പോള്‍ ആ ലിസ്റ്റില്‍ ചില മാറ്റങ്ങളുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സംഘാടകര്‍. ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മേളയിൽ പേരന്‍പ് ഉണ്ടാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. പതിനൊന്നു വര്‍ഷമായി തുടരുന്ന മേളയില്‍ ഈ വര്‍ഷം 47 ഫീച്ചര്‍ ഫിലിമുകളും 13 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ഡോക്യു-ഹ്രസ്വചിത്ര ക്യാമ്പസ് മേളയും നടത്തുന്നുണ്ട്. പേരന്‍പ് ഈ വര്‍ഷം ഉണ്ടാവില്ലെന്നു പ്രത്യേകം എടുത്തു പറയുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. എങ്ങനെയെങ്കിലും പേരന്‍പ് ഉള്‍പ്പെടുത്താനാവുമോ എന്നു ചോദിച്ചു കൊണ്ട് നിരവധി പേരാണ് പോസ്റ്റിനു ചുവടെ കമന്റ് ചെയ്തിരിക്കുന്നത്.
മേളയില്‍ പരിയേറും പെരുമാള്‍, മേര്‍ക്ക് തൊടാര്‍ച്ചി മലൈ തുടങ്ങിയ തമിഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമകാലിക ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക മലയാളം സിനിമകള്‍ എന്ന വിഭാഗത്തില്‍ ഈ മ യൗ, മായാനദി, സുഡാനി ഫ്രം നൗജീരിയ, ഈട, ഭയാനകം, പറവ എന്നീ ചിത്രങ്ങളുമുണ്ട്. സത്യജിത് റായിയുടെ ദേവി, എംടിയുടെ നിര്‍മാല്യം, അസമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ്, ടു ലെറ്റ് തുടങ്ങിയവയും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
മികച്ച കലാമൂല്യമുള്ള ചിത്രമായിരിക്കും എന്ന നിലയില്‍ ഏറെ നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ചിത്രം തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സാധനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പി.എല്‍ തേനപ്പനാണ് ചിത്രം നിര്‍മിക്കുന്നത് ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ. പേരന്‍പിലൂടെ 'പഴയ മമ്മൂട്ടിയെ' കാണാം എന്ന പ്രതീക്ഷയിലുമാണ് ആരാധകര്‍.
Content Highlights : Peranbu screening at Palakkad Panchajanyam International Film Festival cancelled, Peranbu tamil movie, Mammooty