മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍എത്തുമ്പോള്‍ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വാങ്ങിയ പ്രതിഫലമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
പേരന്‍പിന്റെ നിര്‍മാതാവ് പി.എല്‍ തേനപ്പനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു നിര്‍മാതാവ് ഈ കാര്യം തുറന്ന് പറഞ്ഞത്. എന്തുകൊണ്ട് പ്രതിഫലം വാങ്ങിയില്ല എന്ന ചോദ്യത്തിന് എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി മറുപടിയും നല്‍കി. മമ്മൂട്ടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ പ്രദര്‍ശനത്തിന് 95 ശതമാനം ആളുകളും പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് സ്വന്തമാക്കി. ബാക്കി വന്ന 5 ശതമാനത്തിന് വേണ്ടി സിനിമ തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം ലഭിക്കാതെ അതില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി. തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിച്ചത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന്‍ എന്ന അച്ഛന്‍ വേഷം. പാപ്പയായി എത്തിയ സാധനയുടെ പ്രകടനവും ഗംഭീരമാണ്. അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.