മമ്മൂട്ടിയെയും സാധനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പിലെ പുതിയ പ്രൊമോ വീഡിയോ പുറത്ത്. മമ്മൂട്ടി, അഞ്ജലി, സാധന എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ''ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിഞ്ഞു കൂടാ. പക്ഷേ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും'' എന്ന് മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം പറയുന്നു.
പേരന്‍മ്പിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി 1 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന പ്രത്യേക ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ പ്രദര്‍ശനത്തിന് 95 ശതമാനം ആളുകളും പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് സ്വന്തമാക്കി. ബാക്കി വന്ന 5 ശതമാനത്തിന് വേണ്ടി സിനിമ തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം ലഭിക്കാതെ അതില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി. തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിച്ചത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന്‍ എന്ന അച്ഛന്‍ വേഷം. പാപ്പയായി എത്തിയ സാധനയുടെ പ്രകടനവും ഗംഭീരമാണ്. അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.
content Highlights: Peranbu new promo video, mammootty, ram, sadhana, anjali, peranbu release