മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദനെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് സിനിമാരംഗത്തുള്ളവര്‍. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍, അഞ്ജലി, റാം തുടങ്ങിയവരും ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരും പേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ജോഷി, സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, എസ്.എന്‍.സ്വാമി, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരും പേരന്‍പ് കാണാന്‍ എത്തി.
രഞ്ജി പണിക്കര്‍- മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പര്‍ശിച്ചാലും അതൊരു അഭിനയ സമൃദ്ധമായ ഭൂമിയാണ്. ചില ഇടങ്ങളില്‍ നമ്മളൊരു കൈ കൊണ്ട് മണ്ണ് മാറ്റിനോക്കിയാലും വെള്ളം കിനിഞ്ഞുവരുന്നത് കാണാം. ഒരായിരം അടി താഴേയ്ക്ക് തുരന്നുപോയാലും ജലസമൃദ്ധമായിരിക്കും. അതുപോലെയാണ് മമ്മൂട്ടി
ബി. ഉണ്ണികൃഷ്ണന്‍- പ്രിയപ്പെട്ട മമ്മൂക്കയെ കഴിഞ്ഞേ മറ്റൊരു നടനുള്ളൂ എന്ന് ഒരിക്കല്‍ കൂടി നമ്മുടെ മുമ്പില്‍ തെളിയിച്ച സിനിമയാണ് പേരന്‍പ്. ഒരു കാര്യം കൂടി പറയട്ടെ, ഞങ്ങള്‍ എന്നും കൊതിയോടെ ആരാധനയോടെ അളവറ്റ സ്‌നേഹത്തോടെ നോക്കിക്കാണുന്ന മമ്മൂക്കയെ ഒരുവലിയ കാലയളവിനു ശേഷം ഞങ്ങള്‍ക്കു തിരിച്ചുതന്നത് തമിഴ് സംവിധായകനാണ്. അദ്ദേഹത്തിന് ഒരായിരം നന്ദി.
സത്യന്‍ അന്തിക്കാട്- ഒരു സിനിമ കണ്ട് അതിശയിച്ചുപോകുക എന്ന അനുഭവത്തിനു ശേഷമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ആദ്യം ഞാന്‍ നന്ദിയും അഭിനന്ദനവും അര്‍പ്പിക്കുന്നത് റാമിനാണ്. കാരണം ജീവിതത്തില്‍ ഒരിക്കലും ഇതുപോലൊരു പ്രമേയം സിനിമയക്കാന്‍ ഞാന്‍ ധൈര്യപ്പെടില്ല. അത്രയും സൂക്ഷമമായി സമീപിക്കേണ്ട വിഷയത്തെ നമ്മുടെ മനസ്സിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ ആവിഷ്‌കരിക്കാന്‍ റാമിന് സാധിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത. മനോഹരമായ ഛായാഗ്രഹണം. സുന്ദരമായ സംഗീതം. സംഗീതം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആദ്യം കരുതിയത് അത് ചെയ്തത് ഇളയരാജയാണ് എന്നാണ്. എന്നാല്‍ കമലനാണ് എന്നോട് പറഞ്ഞത്, ഇളയരാജയല്ല ചെയ്തത് അദ്ദേഹത്തിന്റെ മകന്‍ യുവന്‍ശങ്കര്‍ രാജയാണെന്ന്. പിന്നീടാണ് അത് ചെയ്തത് അതിനേക്കാളുപരി ഒരു പുതുമുഖത്തിന്റെ അഭിനയം നമ്മളെ അമ്പരപ്പിച്ചു. മലയാളത്തിലെ എക്കാലത്തെയും പുതുമുഖം മമ്മൂട്ടി.
കമല്‍- ആദ്യമായി പേരന്‍പിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. സിനിമ കണ്ടിറങ്ങിയ ആ വിങ്ങല്‍ ഇപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ല. വളരെ നാളുകള്‍ക്ക് ശേഷമാണ് ആ അനുഭവം ലഭിക്കുന്നത്. പല വിദേശമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. തമിഴില്‍ ഒരുപാട് നല്ല നടന്‍മാരുണ്ടായിട്ടും റാം എന്ത് കൊണ്ട് മമ്മൂക്കയെ തിരഞ്ഞെടുത്തു. അതിനുള്ള ഉത്തരമാണ് ഈ ചിത്രം. ഇന്ത്യയില്‍ ഇത്രയും സൂക്ഷമമായി അഭിനയിക്കാന്‍ കഴിവുള്ള ഒരേ ഒരു നടനേയുള്ളൂ. അത് മമ്മൂട്ടിയാണ്.
നിവിന്‍ പോളി- വളരെ സന്തോഷം. നന്മയുള്ള സിനിമ കണ്ടിറങ്ങിയ ശേഷമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. റാമിന് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഇതിനു മുമ്പുളള സിനിമകളും ഇതുപോലെ തന്നെയായിരുന്നു. എന്നാല്‍ അതിനേക്കാള്‍ അപ്പുറമാണ് പേരന്‍പ്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. അഞ്ജലി, സാധന അങ്ങനെ എല്ലാവരും. മമ്മൂക്ക ചിത്രത്തില്‍ ജീവിക്കുകയായിരുന്നുവെന്ന് തോന്നി. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന പ്രകടനമാണ് ചിത്രത്തില്‍ മമ്മൂക്കയുടേത്.
അനു സിത്താര- പേരന്‍പിനോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. കാരണം ഞാന്‍ മമ്മൂക്കയുടെ കടുത്ത ആരാധികയാണ്. പേരന്‍പിന്റെ ലൊക്കേഷനില്‍ ചെന്നൈയില്‍ വച്ചാണ് ഞാന്‍ മമ്മൂക്കയെ കാണുന്നത്. അന്ന് തൊട്ട് ഞാന്‍ മമ്മൂക്കയോട് ഇടയ്ക്കിടെ ചോദിക്കാറുണ്ട് എന്നാണ് സിനിമ റിലീസ് ആകുക എന്ന്. അഞ്ജലി, സാധന, അഞ്ജലി ആമീര്‍ അങ്ങനെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
അനുശ്രീ-മമ്മൂക്കയുടെ കടുത്ത ആരാധികയാണ്. അഞ്ചാറ് വര്‍ഷമായി സിനിമയില്‍ വന്നിട്ട്. മധുരരാജയിലാണ് ഇപ്പോള്‍ അദ്ദേഹവുമായി അഭിനയിക്കാന്‍ സാധിച്ചത്. അതൊരു അഹങ്കാരമായി ഞാന്‍ കരുതുന്നു. മിക്ക രംഗങ്ങളും നമ്മളെ വൈകാരികമായി സ്പര്‍ശിക്കുന്നതാണ്. ചില സിനിമകള്‍ കാണുമ്പോള്‍ ചില രംഗങ്ങള്‍ വേണ്ടായിരുന്നുവെന്ന് തോന്നും. എന്നാല്‍ പേരന്‍പിലെ ഒരു രംഗം പോലും കളയാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് സിനിമ. ഞാന്‍ അഭിനയിക്കാത്ത ഒരു സിനിമയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഞാന്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. അത് പേരന്‍പിന് വേണ്ടിയായതില്‍ എനിക്ക് അഭിമാനമുണ്ട്.
നിമിഷ സജയന്‍- ചില സിനിമകള്‍ നമ്മളെ വേട്ടയാടും. അതുപോലൊരു സിനിമയാണ് പേരന്‍പ്. എല്ലാവരും ഈ ചിത്രം തിയേറ്ററില്‍ പോയി കാണണം.
റാം- 1991 ല്‍ ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുന്ന സമയം. ഫെബ്രുവരി ഒന്നിന് ഒരു ചിത്രം റിലീസ് ചെയ്തു, മമ്മൂക്കയുടെ അമരം. അന്ന് ആരോടും പറയാതെ ആ സിനിമ കണ്ടു. അമരം കണ്ടതിനുശേഷമാണ് സംവിധാനത്തോട് ഇഷ്ടം തോന്നുന്നത്. എന്നെങ്കിലുമൊരിക്കല്‍ സംവിധായകനായാല്‍ മമ്മൂക്കയെവെച്ച് ഒരു സിനിമ എടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
98ല്‍ തനിയാവര്‍ത്തനം കണ്ടു. അന്ന് വിഡിയോ കാസറ്റ് വച്ചാണ് സിനിമ കണ്ടത്. അതിനുശേഷം വീണ്ടും അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി. 2007ലാണ് എന്റെ ആദ്യചിത്രമായ തങ്കമീന്‍കള്‍ റിലീസ് ചെയ്യുന്നത്. പത്മപ്രിയ എന്റെ സുഹൃത്താണ്. അവര്‍ വഴിയാണ് പേരന്‍പിന്റെ കഥ മമ്മൂക്ക അറിയുന്നത്. 2014ല്‍ മമ്മൂക്ക കഥ കേട്ടു. അങ്ങനെ ഈ സിനിമ യാഥാര്‍ഥ്യമായി.
സാധന- മമ്മൂക്ക വേറെ ലെവലാണ്. എന്റെ രണ്ടാമത്തെ ചിത്രം മമ്മൂക്കയോടൊപ്പം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. റാം അങ്കിളിന് നന്ദി പറയുന്നു.
മമ്മൂട്ടി- റാം എന്തുകൊണ്ട് മമ്മൂട്ടിയെ വച്ച് സിനിമ എടുത്തുവെന്ന് ഇവിടെ സംസാരിച്ച പല സംവിധായകരും ചോദിക്കുന്നത് കേട്ടു. ഞാന്‍ റോഡില്‍ കൂടി വെറുതെ അലഞ്ഞു തിരിയുന്ന സമയത്തല്ല റാം എന്നെ വച്ച് സിനിമ എടുത്തത്. നിങ്ങള്‍ എല്ലാവരും കൂടിയാണ് മമ്മൂട്ടിയെ നടനാക്കിയത്. അതാണ് അതിനുള്ള ഉത്തരം. എന്നെ ഈ രുപത്തിലാക്കി ഇത്രയും അനുഭവ സമ്പത്തുള്ള നടനാക്കിയത് നിങ്ങളാണ്.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ പ്രദര്‍ശനത്തിന് 95 ശതമാനം ആളുകളും പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് സ്വന്തമാക്കി. ബാക്കി വന്ന 5 ശതമാനത്തിന് വേണ്ടി സിനിമ തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം ലഭിക്കാതെ അതില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി. തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിച്ചത്. പി.എല്‍ തേനപ്പന്‍, ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.
Content Highlights: peranbu mammootty premiere show ram film makers appreciate mammootty sadhana anjali ameer kochi