പാലക്കാട്: ന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് യൂണിയനും ഫിലിം ക്ലബ്ബും ആഭിമുഖ്യത്തില്‍ 'പെലിക്കുള '17' ചലച്ചിത്രമേള ഒരുങ്ങുന്നു. ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍കാഴ്ചകള്‍ പങ്കുവയ്ക്കുന്ന തിരഞ്ഞെടുത്ത 20ഓളം സിനിമകളടെയും ഡോക്യുമെന്ററി ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനം ഉണ്ടാവുന്നതാണ്. സിനിമ എന്നാണ് 'പെലിക്കുള' എന്ന സ്പാനിഷ് പദത്തിന്റെ അര്‍ഥം. പേരുപോലെത്തന്നെ പുതുതലമുറയുടെ സിനിമാസ്വപ്നങ്ങള്‍ക്ക് പ്രചോദനമേകുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

സെപ്റ്റംബര്‍ 13 ബുധനാഴ്ച വൈകിട്ട് 3.00മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേള നവസിനിമ ആശയങ്ങള്‍ക്ക് ഉണര്‍വ് നല്‍കിയ 'പോരാട്ട'ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 17 വരെ നീളുന്ന ഫെസ്റ്റില്‍ ചിത്രത്തിന്റെ സംവിധായകനായ ബിലഹരി, ചലച്ചിത്രത്താരങ്ങളായ ഷാലിന്‍ സോയ, നവജീത് നാരായണന്‍, അണിയറപ്രവര്‍ത്തകരായ ശ്രീരാജ് രവീന്ദ്രന്‍, ആകാശ് ജോസഫ്, വിനീത് വാസുദേവന്‍ എന്നിവര്‍ പങ്കെടുക്കും. 

ജീന്‍ ജാക്വസ് അന്വഡിന്റെ 'വോള്‍ഫ് ടോട്ടം'  ഉദ്ഘാടനചിത്രമാകും. സൂട്ടോപിയ, പിങ്ക്, ലാന്‍ഡ് ഓഫ് മൈന്‍, ജോക്കര്‍, ലാ ലാ ലാന്‍ഡ്, സണ്‍ ഓഫ് സോള്‍, സൈറാത്ത്, ക്ലാഷ് തുടങ്ങി ഇരുപതോളം വിവിധഭാഷചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം പാസ് മുഖാന്തരമായിരിക്കും.