ഈ വര്‍ഷം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറും എന്ന് മുന്‍വിധി എഴുതിയ ചിത്രമാണ് ഒടിയന്‍. ചിത്രം റിലീസ് ചെയ്ത  ദിവസം തന്നെ പ്രതീക്ഷകളെ തകിടം മറിക്കുന്ന സംഭവവികാസമാണ് നടന്നത്‌.  പ്രതീക്ഷയ്‌ക്കൊത്ത് നിലവാരം പുലര്‍ത്തിയില്ലെന്ന പരാതിയാണ് പരക്കെ ഉയര്‍ന്നത്. എന്നാല്‍ ചിത്രത്തെ പിന്തുണച്ച് എത്തിയവരും നിരവധിയാണ്. സിനിമയെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്  വിഷ്ണുനാഥ് നിലപാട് വ്യക്തമാക്കിയത്.

ഒടിയന്‍ മാണിക്യന്‍ പുലിമുരുകനെപ്പോലെയാവണമെന്നോ ആടുതോമയെപ്പോലെയാണവണമെന്നോ ഇന്ദുചൂഢനെപ്പോലെ ആകണമെന്നോ ശഠിക്കുന്നവര്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പാത്രസൃഷ്ടികളില്‍ മാത്രം അഭിരമിക്കുന്നവരാണെന്ന് വിഷ്ണുനാഥ് പറയുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ്

മലയാള സിനിമയ്ക്ക് ഒടിവെക്കുമ്പോഴും...

ഇത്രയേറെ നെഗറ്റീവ് പ്രചാരവേലകളെ അതിജീവിച്ച് ഒരു സിനിമ മുന്നോട്ടുപോകുമോ എന്ന സംശയമുണ്ടായിരുന്നു; റിലീസ് ചെയ്ത് ഒന്നര ആഴ്ച പിന്നിടുമ്പോഴാണ് ഒടിയന്‍ കണ്ടത്. നിറഞ്ഞ പ്രേക്ഷകസദസ്സിന് മുമ്പില്‍ തന്നെ പ്രദര്‍ശനം തുടരുന്ന ചിത്രത്തെ കുറിച്ച് ചിലത് പറയാതെ പോകുന്നത് ശരിയല്ല. 

മോഹന്‍ലാലിന്റെ എന്നെന്നും ഓര്‍ത്തുവെക്കാവുന്ന കഥാപാത്രമായി ഒടിയന്‍ മാണിക്യന്‍ മനസ്സില്‍ ചേക്കേറി എന്നതില്‍ രണ്ടഭിപ്രായമില്ല. മോഹന്‍ലാല്‍ അഭിനയിച്ച, അവതരിപ്പിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളില്‍ വ്യത്യസ്തമായ പകര്‍ന്നാട്ടം തന്നെയാണ് ഒടിയനിലേത്. ഒടിയന്‍ മാണിക്യന്‍ പുലിമുരുകനെപ്പോലെയാവണമെന്നോ ആടുതോമയെപ്പോലെയാണവണമെന്നോ ഇന്ദുചൂഢനെപ്പോലെ ആകണമെന്നോ ശഠിക്കുന്നവര്‍ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പാത്രസൃഷ്ടികളില്‍ മാത്രം അഭിരമിക്കുന്നവരാണ്. രണ്ട് വ്യത്യസ്ത കാലത്തെ മാണിക്യനെ എത്ര മനോഹരമായാണ് ലാല്‍ അവിസ്മരിണീയമാക്കിയത്! 

എന്നിട്ടും എന്തുകൊണ്ടാവും ഇത്രയേറെ നെഗറ്റീവ് പ്രചാരണം ഈ ചിത്രത്തിനെതിരെ ഉണ്ടായതെന്ന് ആശ്ചര്യത്തോടെ മാത്രമേ ചിന്തിക്കാന്‍ കഴിയുന്നൂള്ളൂ. ചിത്രത്തിന് ഒടിവിദ്യവെച്ചവര്‍ ശരിക്കും സാംസ്‌കാരിക ക്വട്ടേഷന്‍ ടീമുള്‍പ്പെടെയാണ്. മുന്‍വിധിയോടെ സിനിമയെ സമീപിച്ച കുറച്ചേറെ പ്രേക്ഷകരും ആ പ്രചാരണത്തില്‍ വീണുപോയെന്നതും നേരാണ്. സംവിധായനോടുള്ള വ്യക്തിപരമായ അനിഷ്ടവും ചിത്രത്തെ അക്രമിക്കുന്നതിന് കാരണമായിട്ടുണ്ട്. 

തുടക്കക്കാരന്റെ കുറ്റവും കുറവും ചൂണ്ടിക്കാണിക്കാമെങ്കിലും ശ്രീകുമാര്‍ മേനോന്‍ തന്റെ കന്നി ചിത്രത്തെ വേറിട്ട കാഴ്ചയിലൂടെയാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഷാജിയുടെ മനോഹരമായ ക്യാമറയും നാട്ടുതനിമ ചോരാത്ത തിരക്കഥയും ഒടിയനെ കൂടുതല്‍ സുന്ദരമാക്കുന്നു...നാം കണ്ടും കേട്ടും മറന്ന ഒരു നാടന്‍ മിത്തിനെ അവതരിപ്പിക്കുമ്പോള്‍ നമ്മളെകൂടി ആ ദേശത്തിലേക്ക് പറിച്ചുവെച്ചപോലെ ഒരനുഭവം ചിത്രത്തില്‍ പല ഭാഗത്തും അനുഭവിക്കുന്നുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും. 

ചില റിവ്യൂകള്‍ സംഘട്ടന രംഗങ്ങള്‍ക്ക് തെളിച്ചം പോരാ എന്ന വിധത്തിലൊക്കെ കണ്ടിരുന്നു. ഇരുട്ടില്‍ മാത്രം ഒടിവിദ്യ കാണിക്കുന്ന ഒരു കഥാപാത്രത്തെ വെളിച്ചത്തില്‍ ചിത്രീകരിക്കണം എന്ന് പറയുന്നത് എത്ര അബദ്ധമാണ്. 

പുലിമുരുകന്‍ എന്ന മസാല-മാസ് ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തില്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധായകനായി വന്ന സിനിമയാണ് ഒടിയനും. പക്ഷെ പുലിമുരുകനിലെ കഥാപാത്രത്തെപ്പോലെ തന്നെ സംഘട്ടന രംഗത്തിലേര്‍പ്പെടുന്ന ഒരു കഥാപാത്രം ഉണ്ടാവണമെന്ന് ശഠിക്കുന്നത് എത്ര സങ്കടകരമാണ്. പുലിമുരുകനായി മാത്രമേ ഇനി മോഹന്‍ലാലിനെ കാണാന്‍ കഴിയൂ എന്ന ധാരണയിലാണോ ഫാന്‍സുകാര്‍ ആദ്യദിനങ്ങളില്‍ സംവധായകനെ സംഘടിതമായി അക്രമിച്ചത്? 

ദളിതനോ പാര്‍ശ്വവത്കരിക്കപ്പെട്ടവനോ ആയ നായകനാണ് ചിത്രത്തിലെ മാണിക്യനെന്നത് വര്‍ണപരമായി ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ്. ഇരുട്ടിന്റെ നായകന് വെളിച്ചമെന്ന വില്ലനെ ഒരു കഥാപാത്രം പോലെ അവതരിപ്പിക്കാനും സംവിധായകന് സാധിച്ചു. 

മലയാള സിനിമയ്ക്ക് ഒത്തിരി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഓരോ ചിത്രവും വ്യത്യസ്തമായ കാഴ്ചയാണ്. അതിനാല്‍ ഒടിയന്‍ 2018 -ലെ മികച്ച ചിത്രം തന്നെയെന്ന് സംശയലേശമന്യേ പറയാം. കാണാത്തവര്‍ ഒരു തിയ്യറ്റര്‍ അനുഭവമായി തന്നെ ഒടിയനെ വീക്ഷിക്കണം. അതിലൂടെ സംഘടിതമായ ആള്‍ക്കൂട്ട അക്രമങ്ങളെ നമുക്ക് പ്രതിരോധിക്കാം.

g

ContentHighlights: pc vishnunath about odiyan, pulimurugan, aadu thoma, Odiyan Manikyan, Mohanlal, SreekumarMenon, manjuwarrier