പവൻ കല്യാൺ, ബദ്രി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
23 വർഷം മുമ്പിറങ്ങിയ തന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് തെലുങ്കിലെ സൂപ്പർതാരം പവൻ കല്യാൺ. പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ 2000-ൽ ഇറങ്ങിയ ബദ്രിയാണ് റീറിലീസ് ചെയ്യാനൊരുങ്ങുന്നത്. ഈയിടെ വീണ്ടും തിയേറ്ററുകളിലെത്തിയ കുഷി എന്ന തന്റെ ചിത്രത്തിന് ലഭിച്ച വരവേല്പാണ് തെലുങ്കിലെ പവർ സ്റ്റാർ എന്ന് വിളിപ്പേരുള്ള താരത്തെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
ഈ വർഷം ജനുവരി 26-ന് റിപ്പബ്ലിക് ഡേ റിലീസ് ആയിട്ടാവും ബദ്രി തിയേറ്ററുകളിലെത്തുക. വി സിനിമാസാണ് വിതരണം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ആദ്യചിത്രമാണ് ബദ്രി. ആക്ഷനും പ്രണയവുമെല്ലാം നിറഞ്ഞ ചിത്രത്തിൽ അമീഷാ പട്ടേലും രേണു ദേശായിയുമായിരുന്നു നായികമാർ. പ്രകാശ് രാജായിരുന്നു മറ്റൊരു പ്രധാനവേഷത്തിൽ. അന്തരിച്ച ടി ത്രിവിക്രമ റാവുവാണ് ചിത്രം നിർമിച്ചത്.
2004-ൽ ചിത്രത്തിന് ശർത്- ദ ചലഞ്ച് എന്ന പേരിൽ ഒരു റീമേക്കും വന്നിരുന്നു. പുരി ജഗന്നാഥ് തന്നെയായിരുന്നു സംവിധാനം. തുഷാർ കപൂർ, അമൃത അറോറ, ഗ്രേസി സിങ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. എന്നാൽ തെലുങ്കിലെ വിജയം ബോക്സോഫീസിൽ ആവർത്തിക്കാൻ ചിത്രത്തിനായില്ല.
ബിഗ് ബഡ്ജറ്റ് ചിത്രമായ ഹരിഹര വീര മല്ലുവാണ് പവൻ കല്യാണിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷമാണ് പവൻ കല്യാണിന്. ബോളിവുഡ് താരം ബോബി ഡിയോൾ ഔറംഗസീബിന്റെ വേഷത്തിൽ ചിത്രത്തിലുണ്ട്. ഈ വർഷം മാർച്ച് 30 ന് ഹരിഹര വീര മല്ലു തിയേറ്ററുകളിലെത്തും. സാഹോ എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന സിനിമയിലും പവൻ കല്യാൺ ആണ് നായകൻ.
Content Highlights: pawan kalyan to re release badri, badri release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..