കോവിഡ് രണ്ടാംതരംഗം സിനിമാലോകത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഷൂട്ടിങ് മുടങ്ങിപ്പോയതോടെ അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന ആളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അക്കൂട്ടത്തില്‍ ഏറെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ആന്ധ്രയില്‍  നിന്ന് വരുന്നത്. ഉപജീവനത്തിനായി തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റിരിക്കുകയാണ് നടി പവള ശ്യാമള. 

തെലുങ്കു സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെയാണ് പവള ശ്യാമള ശ്രദ്ധനേടിയത്. 1984 മുതല്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കോവിഡിന്റെ വരവോടെ ഷൂട്ടിങ് നിലച്ചതോടെ നടിയുടെ ജീവിതം ദുരിതത്തിലായി.

''കടുത്ത ദാരിദ്ര്യത്തിലാണ് ഞാന്‍. ഞാന്‍  നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ ഞാന്‍  നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എന്റെ മകള്‍ കുറച്ച് കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്. ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു''.- പവള ശ്യാമള പറഞ്ഞു. 

Content Highlights: Pavala Shyamala actor sells off awards for money, Covid crisis in Cinema