ണ്ണന്‍ തമ്പി എന്ന സിനിമയില്‍ ഒറ്റ സീനിലേ പൗളി വത്സന്‍ എന്ന നടിയുള്ളൂ. കാളയുടെ കുത്തേറ്റ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹവും കെട്ടിപ്പിടിച്ച് കരയുന്ന ആ ഒരൊറ്റ സീന്‍ കൊണ്ട് പൗളി വത്സന്‍ കയറിക്കൂടിയത് മലയാളികളുടെ മനസിലേക്കാണ്. പിന്നീട് ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. 

നാടകങ്ങളിലൂടെയാണ് പൗളി അഭിനയ രംഗത്തേക്കെത്തുന്നത്. അതും സാക്ഷാല്‍ മമ്മൂട്ടിയുടെ കൂടെ നാടകത്തില്‍ അഭിനയിച്ചു കൊണ്ട്.  ആ ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പൗളി വത്സന്‍ മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനസ്സ് പ്രൊജക്റ്റിലൂടെ. പരിപാടിയുടെ  പ്രൊമോ വീഡിയോയിലാണ് പൗളി വത്സന്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവയ്ക്കുന്നത്.

"മമ്മൂക്ക അന്ന് വളരെ നീണ്ട് മെലിഞ്ഞ ഒരു ചെക്കന്‍ ആയിരുന്നു. ലോ കോളേജില്‍ പഠിക്കുകയായിരുന്നു. വളരെ സ്ലിം ആയിരുന്നു, കഴുത്തിലെ കുഴിയിലൊക്കെ ഒരു അമ്പത് ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് വെക്കാമായിരുന്നു, അങ്ങനെ എല്ലൊക്കെ പൊന്തിയിട്ടുള്ള ആളായിരുന്നു.

ആ മമ്മൂക്കയാണ് ഇപ്പോള്‍ പത്മശ്രീ ഒക്കെ കിട്ടി വരുന്നതെന്ന് നമ്മള്‍ അറിയുന്നില്ലല്ലോ. അന്ന് ഒരു പയ്യന്‍, പിന്നെ ഇത്രയും കാലം കഴിഞ്ഞ് മമ്മൂക്ക ഇങ്ങനെ ഒക്കെ ആയപ്പോഴാണ് ഞാന്‍ ഓര്‍ക്കണത് ഈ മനുഷ്യന്റെ കൂടെ ആണോ ഞാന്‍ നാടകം കളിച്ചതെന്ന്. 

പിന്നെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍, മമ്മൂക്ക ആത്മകഥ എഴുതി, മാസികയില്‍ വന്നപ്പോള്‍ എന്റെ ഫോട്ടോ സഹിതം പേരുമുണ്ടായിരുന്നു. സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ച പൗളി എന്ന നടി എന്ന് പറഞ്ഞ് ഞങ്ങള്‍ അഭിനയിച്ച ഫോട്ടോയുമുണ്ടായിരുന്നു. 

എന്റെ അടുത്തും ആ ഫോട്ടോ ഉണ്ടായിരുന്നു. അത് പക്ഷെ നഷ്ടപ്പെട്ടു. ആ ഫോട്ടോ മമ്മൂക്കയുടെ കയ്യില്‍ ഉണ്ടായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി ഓര്‍മയുള്ള ആളാണ് എന്ന്. ഇപ്പോള്‍ എന്റെ ആത്മകഥ ഞാന്‍ എഴുതിയിട്ടുണ്ട്. പെട്ടെന്ന് തന്നെ അത് റെഡിയാകും. കിടക്കട്ടേന്നേ  ഒരു ആത്മകഥ"..പൗളി പറഞ്ഞു.

Content Highlights : Pauly Valsan actress annan thampi Ee.Ma.Yau pauly wilson drama mammootty sabarmathi