പ്രിയനന്ദനന്‍ മൈഥിലിയെ നായികയാക്കി ഒരുക്കിയ ചിത്രം പാതിരാകാലം തിയേറ്ററുകളിലെത്തുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.  പ്രിയനന്ദനന്‍ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എന്‍ ഗോപീകൃഷ്ണനാണ്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.

ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുന്ന ഉസൈന്റെയും മകള്‍ ജഹന്നാരയുടേയും കഥയാണ് പാതിരാകാലം പറയുന്നത്. ഉസൈനായി ഇന്ദ്രന്‍സും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

നിഗൂഢമായ സാഹചര്യത്തില്‍ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടര്‍ന്ന് ബെര്‍ലിനില്‍ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആള്‍ക്കാരെയും ഉസൈന്‍ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങള്‍ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിന്‍ബലത്തില്‍ സുഹൃത്തായ മഹേഷിനോടൊപ്പം പിതാവിനെ അന്വേഷിച്ചിറങ്ങുകയാണ് ജഹന്നാര. 

ഈ അന്വേഷണയാത്രയിലുടനീളം ഭരണകൂടഭീകരതയുടെ യഥാര്‍ഥ ചിത്രം ജഹന്നാരയ്ക്ക് ബോധ്യമാകുന്നു. പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിലും ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് പ്രിയനന്ദനന്റെ പാതിരാകാലത്തിന്റെ ഇതിവൃത്തം. 

Content Highlights: Pathirakalam Movie Release Priyanandanan Mythili